കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്.
യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ അന്തർ സംസ്ഥാന ഏസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി – ബംഗളുരു, തിരുവനന്തപുരം – ബംഗളുരു റൂട്ടുകളിലായിരിക്കും എസി സ്ലീപ്പറുകൾ സർവീസ് നടത്തുക.
സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് കോർപ്പറേഷൻ ഈ സർവീസുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ ഈ റൂട്ടുകളിൽ സ്വകാര്യ ഓപ്പറേറ്റർമാർ പലപ്പോഴും യാത്രാക്കൂലി ഇനത്തിൽ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്.
ഈ റൂട്ടുകളിൽ കോർപ്പറേഷൻന്റെ എസി സ്ലീപ്പറുകൾ വരുന്നതോടെ യാത്രക്കാർക്ക് നിരക്കിൽ വലിയ ആശ്വാസം ലഭിക്കും. 34 സ്ലീപ്പർ ബസുകൾക്ക് കോർപ്പറേഷൻ ഇതിനകം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. അവ ലഭ്യമാകുന്ന മുറയ്ക്ക് സർവിസുകൾ ആരംഭിക്കും.
13.5 മീറ്റർ നീളമുള്ള ഡീസൽ എൻജിൻ ബസുകളാണ് ഇതിനായി വാങ്ങുക. എല്ലാ ലോഡുകളിലും വ്യത്യസ്ഥ ഭൂപ്രദേശങ്ങളിലും പ്രവർത്തന സാഹചര്യങ്ങളിലും 16 മുതൽ 20 മണിക്കൂർ വരെ പ്രതിദിന പ്രവർത്തനത്തിന് ബസുകൾ അനുയോജ്യമായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥയായി കോർപ്പറേഷൻ നിഷ്കർഷിച്ചിട്ടുള്ളത്.
സംസ്ഥാന ബജറ്റിൽ ഇത്തവണ പുതിയ ബസുകൾ വാങ്ങുന്നതിന് മാത്രം 107 രൂപ വകയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പദ്ധതിക്ക് സാമ്പത്തിക തടസങ്ങൾ ഒന്നുമില്ല. ഇതുകൂടാതെ പഴയ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ വിഭാഗങ്ങളിലെ പഴയ ബസുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യും. ഇതു വഴിയും കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്നാണ് കോർപ്പറേഷൻ കരു ഉന്നത്.
സംസ്ഥാനത്തെ എയർ പോർട്ടുകളിലേയ്ക്ക് കണക്ടിവിറ്റി നൽകുന്നതിന് കെഎസ്ആർടിസി എസി സെമി സ്ലീപ്പർ ബസുകളും സർവീസ് നടത്തും.
ആദ്യം കൊച്ചി വിമാനത്താവളത്തിൽ നിന്നായിരിക്കും പരീക്ഷണാർഥം സർവീസ് ആരംഭിക്കുക. തുടർന്ന് മറ്റ് എയർപോർട്ടുകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ബസുകൾക്ക് പുറപ്പെടുന്നതിന് മുൻകൂട്ടി പ്രഖ്യാപിച്ചുള്ള നിശ്ചിത സമയക്രമം ഉണ്ടായിരിക്കില്ല. വിമാനങ്ങൾ ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങിയ ശേഷമായിരിക്കും ബസുകൾ പുറപ്പെടുകയുള്ളൂ.
ഇപ്പോൾ വിമാനത്താവളങ്ങളിലേയ്ക്ക് രാത്രി ബസ് കണക്ടിവിറ്റി ഇല്ല. രാത്രി വിമാനങ്ങളിൽ പോകാനും വരുന്നവരുമായ യാത്രക്കാരെ ഉദ്ദേശിച്ച് കൂടുതൽ ലഗേജ് സൗകര്യങ്ങളുള്ള ഏസി സ്ലീപ്പർ ബസുകളും കെഎസ്ആർടിസി സർവീസ് നടത്തും. ഇവയ്ക്കും നിശ്ചിത സമയം ഉണ്ടാകില്ല. വിമാന സമയവുമായി ഏകോപിച്ചായിരിക്കും ബസ് സർവീസുകൾ.