മൂവാറ്റുപുഴ: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ദീർഘദൂര കെഎസ്ആർടിസി ബസ് റോഡിൽ വെള്ളം കയറിയതിനേത്തുടർന്ന് നിന്നുപോയി. അഗ്നിശമന സേനാംഗങ്ങളെത്തി 42 യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ നാലോടെ കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കാരക്കുന്നത്തായിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്നും മാട്ടുപെട്ടിക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റാണ് ഓട്ടത്തിനിടെ നിന്ന് പോയത്. റോഡിലെ വെള്ളത്തിലെ ആഴം അറിയാതെ മുന്നോട്ട് പോയതാണ് സംഭവത്തിന് കാരണമായത്.
ബസിന്റെ പകുതിയോളം വെള്ളത്തിൽ മുങ്ങിയതോടെ എൻജിൻ നിന്നു പോകുകയായിരുന്നു. ഇതോടെ വെളിച്ചവും നിലച്ചതോടെ യാത്രക്കാർ ഭയവിഹ്വലരായി. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി മുഴുവൻ യാത്രക്കാരേയും രക്ഷപ്പെടുത്തി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിക്കുകയായിരുന്നു. ദേശീയപാതയിൽ നിരവധി സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറിയിട്ടുണ്ട്.