തൃശൂർ/കൊച്ചി: നഷ്ടംസഹിച്ച് സ്വകാര്യ ബസുകൾ ഓടിക്കാനാകില്ലെന്ന് ഉടമകൾ. ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ ചർച്ചയിലാണ് ഈ പ്രാഥമിക തീരുമാനം.
അന്‍പതു ശതമാനം വര്‍ധനവും കണ്‍സഷനുകളും തങ്ങള്‍ക്ക് നഷ്ടമാണെന്നും ഇതുവെച്ച് സര്‍വീസ് നടത്താനാകില്ലെന്നുമാണ് സംഘടനാപ്രതിനിധികള്‍ അറിയിച്ചത്.
നേരത്തെ നൂറു ശതമാനം ചാര്‍ജ് വര്‍ധന വാഗ്ദാനം ചെയ്ത് പിന്നീട് അതില്‍നിന്ന് പിന്മാറി അമ്പതു ശതമാനം വര്‍ധനവ് മാത്രമാക്കി ചുരുക്കിയതും കണ്സഷന് നല്‍കണമെന്ന് പറയുകയും ചെയ്യുന്നത് നഷ്ടത്തില്‍ പോകുന്ന തങ്ങള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന നിലപാടാണ് ഉടമകള്‍ കൈക്കൊള്ളുന്നത്. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ കേള്‍ക്കാനെങ്കിലും ഗതാഗതമന്ത്രി തയാറാകണമെന്നും ഉടമകള്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ഹ്രസ്വദൂര സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെ സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗതാഗതമന്ത്രി പറഞ്ഞ പശ്ചാത്തലത്തിലാണ് സ്വകാര്യ ബസുടമകളുടെ വിവിധ സംഘടന പ്രതിനിധികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയത്.
വ്യക്തവും കൃത്യവുമായ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെന്നും വീണ്ടും ചര്‍ച്ച നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഓൾ കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പററ്റേഴ്സ് ഫെഡറേഷൻ, ഓൾ കേരള ബസ് ഓപ്പററ്റേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയ സംഘനകളുടെ ഭാരവാഹികളാണു യോഗത്തിൽ പങ്കെടുക്കുന്നത്.
ബസ് യാത്രാക്കൂലി കുറഞ്ഞത് എട്ട് രൂപയായിരുന്നത് 12 രൂപയാക്കി ഉയർത്തിയാണു കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ബസ് സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
നിബന്ധനകളോടെ ബസ് സർവീസ് സാധ്യമല്ലെന്ന്
കൊച്ചി: സംസ്ഥാനത്ത് നിബന്ധനകളോടെ ബസ് സർവീസ് നടത്തുക സാധ്യമല്ലെന്ന് ഓൾ കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.ജെ. രാജു രാഷ്ട്രദീപി കയോട്.
ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ സംസ്ഥാന സർക്കാർ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിച്ചെങ്കിലും ബസിൽ മൊത്തം സീറ്റിന്റെ 50 ശതമാനം യാത്രക്കാരുമായി സർവീസ് നടത്തുക ലാഭകരമല്ല.
40 സീറ്റുള്ള ഒരു ബസിൽ 60 യാത്രികർക്കായുളള ഇൻഷുറൻസ് പരീരക്ഷയാണു എടുത്തിട്ടുള്ളത്. സർക്കാർ തീരുമാനപ്രകാരം നിലവിൽ സർവീസ് നടത്തുന്പോൾ 20 യാത്രികരെ മാത്രമേ ഈ ബസുകൾ യാത്രയ്ക്ക് അനുവദിക്കാനാകൂ.
ഒരു യാത്രികന് വർഷത്തിൽ ഏകദേശം ആയിരം രൂപയോളമാണ് ഇൻഷുറൻസ് പരീരക്ഷയയ്ക്കായി ചെലവാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒരു ദിവസം ബസുകൾ നിരത്തിലിറങ്ങുന്നതിന് 8,000 മുതൽ പതിനായിരം രൂപവരെ ചെലവാകും.
പകുതി യാത്രികരുമായി യാത്ര നടത്തിയാൽ വൻ വരുമാന നഷ്ടമാകും സംഭവിക്കുകയെന്നും ഇൻഷുറൻസ് തുക അടക്കം തിരികെ നൽകാൻ സർക്കാർ തീരുമാനമെടുക്കണമെന്നുംടി.ജെ. രാജു വ്യക്തമാക്കി.
സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്കില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ. ബസുടമകളുമായി ചർച്ച നടത്തേണ്ട ആവശ്യമില്ല.
സാഹചര്യം മനസിലാക്കണമെന്നും നിഷേധാത്മക നിലപാട് ബസ് ഉടമകൾ സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ ഓടിക്കില്ലെന്ന ബസ് ഉടമകളുടെ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും യാത്ര ചെയ്യണം എന്ന് സർക്കാർ കരുതുന്നില്ല. ബസ് ഉടമകളുടെ ആവശ്യപ്രകാരമാണ് നിരക്ക് കൂട്ടിയത്. ടാക്സ് മൂന്ന് മാസം അടക്കേണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഇനി ബസുടമകളുമായി ചർച്ചയില്ലെന്നും മന്ത്രി പറഞ്ഞു.