തിരുവനന്തപുരം: കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടെ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കുമെതിരേ നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ.
ജില്ലാ കളക്ടറുടെ റിപ്പോർട്ട് കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗത്തെ മാത്രം പ്രതികൂട്ടിൽ നിർത്തി നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കേകോട്ടയിലെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി മിന്നൽ പണിമുടക്ക് വിഷയത്തിൽ ഉന്നതതലയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രശ്നങ്ങൾക്കു തുടക്കമായത്. ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് കിഴക്കേക്കോട്ടയിൽ നിന്ന് ആറ്റുകാലിലേക്ക് കിഴക്കേക്കോട്ട ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു.
ഇതിനു സമാന്തരമായി പെർമിറ്റില്ലാത്ത സ്വകാര്യ ബസുകൾ സൗജന്യമായി സർവീസ് നടത്തിയെന്നാരോപിച്ച് കെഎസ്ആർടിസി എടിഒ സാം ലോപ്പസും മറ്റു രണ്ടുപേരും ഇതു തടയാനെത്തി.
കെഎസ്ആർടിസി ഉദ്യോഗസ്ഥർ ബസിൽ നിന്നും യാത്രക്കാരെ ഇറക്കിയതോടെ ഇവരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് യാത്രക്കാരെ ബസിൽ നിന്നും ഇറക്കുന്നതിന് കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി പോലീസും രംഗത്തെത്തി. തുടർന്ന് എടിഒ സാം ലോപ്പസ്, ഡ്രൈവർ സുരേഷ്, ഇൻസ്പെക്ടർ രാജേന്ദ്രൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതിനിടെ സ്വകാര്യ ബസിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ കെഎസ്ആർടിസി ജീവനക്കാർ കൈയേറ്റം ചെയ്തതായുള്ള പരാതിയുള്ള പരാതിയും പോലീസിനു ലഭിച്ചു.
കെഎസ്ആർടിസി ജീവനക്കാരെ പോലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയും മർദിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാരുടെ യൂണിയനുകൾ മിന്നൽ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ഇതിനിടെയാണ് സുരേന്ദ്രൻ ദേഹാസ്വാസ്ഥ്യത്തെത്തുടർന്നു കുഴഞ്ഞു വീണത്. സുരേന്ദ്രനു പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീവനക്കാർക്കെതിരേ നടപടിയെടുത്താൽ പണിമുടക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് മിന്നൽപണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരേ നടപടിയെടുത്താൽ പണിമുടക്ക് അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകൾ. ജീവനക്കാർക്കെതിരേയുള്ള ഒരു തരത്തിലുമുള്ള നടപടികൾ അംഗീകരിക്കില്ല.
ജീവനക്കാരെ ഒറ്റുകൊടുത്തുകൊണ്ടുള്ള നടപടികൾക്ക് ഒരു യൂണിയനുകളും പിന്തുണ നൽകില്ലെന്നും കെഎസ്ടി ഡ്രൈവേഴസ് യൂണിയൻ നേതാവ് സണ്ണി തോമസ് രാഷ്ട്രദീപികയോട് പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാ യൂണിയനുകളും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.