മൂന്നാർ: കോവിഡ് പരീക്ഷണ കാലഘട്ടത്തെ അതിജീവിച്ച് ടൂറിസത്തിന് തണലേകാൻ കെ എസ്ആർടിസിയും. സഞ്ചാരികൾക്ക് നൂറുരൂപയ്ക്ക് ബസിനുള്ളിൽ ഉറങ്ങിയെണിക്കാം.
ഉറങ്ങാൻ വെറും സീറ്റല്ല ഉള്ളത്. കട്ടിലും മെത്തയും തലയണയും പുതപ്പുമെല്ലാമായി സുഖശയനം. താമസത്തിന് ഒരുദിവസത്തിന് വേണ്ടത് നൂറുരൂപ മാത്രം.
മൂന്നാർ ഡിപ്പോയിലാണ് പുതിയ പരീക്ഷണവുമായി കെ എസ്ആർടിസി രംഗത്തെത്തിയിട്ടുള്ളത്. രണ്ടു ബസുകളാണ് ഇതിനായി തയാറാക്കിയിട്ടുള്ളത്.
16 പേർക്ക് താമസിക്കുവാനുള്ള സൗകര്യമാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. പഴയമൂന്നാറിലെ കെ എസ്ആർടിസി ബസ് ഡിപ്പോയിൽതന്നെയാണ് ബസുകൾ നിർത്തുക. രണ്ടു ബസുകളിലുമായി 32 പേർക്ക് താമസിക്കാനാവും. താമസക്കാർക്ക് ഡിപ്പോയിലെ ശുചിമുറികൾ ഉപയോഗിക്കാം.
സംഘങ്ങളായി വിനോദസഞ്ചാരത്തിനായി എത്തുന്നവർക്കാണ് താമസത്തിന് ബസ് നൽകുക. താമസിക്കുന്ന ഓരോ രുത്തരും നൂറുരൂപ വീതം നൽകണം.
മറ്റു കെ എസ്ആർടിസി ബസുകളിൽനിന്നും വ്യത്യസ്തമായ പെയിന്റിംഗും രൂപകൽപനയുമാണ് ബസിനുള്ളത്. ഇരിക്കാനുള്ള സൗകര്യവും ഭക്ഷണമേശയുമെല്ലാം ബസിനുള്ളിൽ റെഡി.
കോവിഡ് പ്രതിസന്ധിക്കിടെ വിനോദസഞ്ചാരത്തിനായി സർക്കാർ അനുമതി നൽകിയതോടെ നിരവധിപേർ അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് കരുതുന്നത്.
കുറഞ്ഞ രൂപയ്ക്ക് താമസം റെഡിയായതിനാൽ ഈ സംരംഭത്തിന് വലിയ പിന്തുണ കിട്ടുമെന്നാണ് കെ എസ്ആർടിസി അധികൃതർ കരുതുന്നത്.