പത്തനാപുരം: യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ്. ഡിപ്പോ ഉപരോധിച്ച് യാത്രക്കാര്‍. പത്തനാപുരം കെഎസ്ആര് ടിസി ഡിപ്പോയില്‍ നിന്നും ഗാന്ധിഭവനിലേക്കും, തിരികെയുമുള്ള ബസാണ് ഗാന്ധിഭവന് ജീവനക്കാരായ യാത്രക്കാരെ കയറ്റാതെ പോയത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം.ഗാന്ധിഭവന് സമീപം നാല്പത്തിയഞ്ചോളം യാത്രക്കാരുണ്ടായിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്റെ നേതൃത്വത്തില്‍ ഡിപ്പോ ഉപരോധിക്കുകയായിരുന്നു. സര്‍വീസ് നഷ്ടമാണെന്നും,നിര്ത്താനാലോചിക്കുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു.
തുടര്‍ന്ന് എറ്റിഒയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് കൃത്യത പാലിക്കുമെന്നും ജീവനക്കാരായ യാത്രക്കാരെ കയറ്റുമെന്നും അറിയിച്ചു. തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്.പന്ത്രണ്ട് വര്‍ഷം മുന്‍പ് ഗാന്ധിഭവന് ജീവനക്കാരെ കൂടി ലക്ഷ്യമിട്ടാണ് സര്‍വീസ് ആരംഭിച്ചത്. രാവിലെ എട്ടിനും വൈകുന്നേരം അഞ്ചിനുമാണ് സര്‍വീസ്.
എന്നാല്‍ ബസ് സമയകൃത്യത പാലിക്കാറില്ലെന്നും ആക്ഷേപമുണ്ട്. രാവിലെ എട്ടിന് മുന്‍പ് ബസ് ഡിപ്പോയില്‍ നിന്നും പോകുന്നതും, വൈകുന്നേരം അഞ്ചിന് മുന്‍പ് ഗാന്ധിഭവന് മുന്നില്‍ നിന്നും ബസ് പോകുന്നത് പതിവാണ്. ഇതോടെ പലപ്പോഴും ജീവനക്കാര്‍ക്ക് ബസിന്റെ പ്രയോജനം ലഭിക്കാറില്ല. ഇതേ തുടര്‍ന്ന് കളക്ഷന്‍
കുറവാണെന്ന പേരില്‍ സര്‍വീസ് നിര്‍ത്തലാക്കാനും അധികൃതര്‍ ശ്രമിച്ചിരുന്നു. ഗാന്ധിഭവനിലെ നാല്പതിലധികം ജീവനക്കാര്‍ ഈ ബസിനെ ആശ്രയിക്കുന്നുണ്ട്.എന്നാല്‍ പലപ്പോഴും സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് ഇവര്‍.