സ്വന്തം ലേഖകന്‍
തൃശൂര്‍: കാമുകിക്കു വേണ്ടി കെഎസ്ആര്‍ടിസി ബസ് കാര്‍ കൊണ്ടുവന്നു തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച കാമുകന് ബസിന്റെ താക്കോലൊടിച്ച സംഭവത്തില്‍ നിയമനടപടികളുമായി അധികൃതർ മുന്നോട്ട്.
പോലീസില്‍ കെഎസ്ആര്‍ടിസി അധികൃതരും മര്‍ദ്ദനമേറ്റ ഡ്രൈവറും വെവ്വേറെ പരാതി നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഡിസ്ചാര്‍ജ് ആയി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ താക്കോലൊടിഞ്ഞ ബസ് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് വിട്ടുകിട്ടുകയുളളു.
പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വണ്ടി തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച കാമുകനെതിരെ കേസെടുക്കുകയെന്നറിയുന്നു.
കോഴിക്കോട് തൊട്ടില്‍പ്പാലം ഡിപ്പോയുടെ സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ബാലുശേരി പറാഞ്ചേരി ടി.പി.രതീഷിനാണ് കഴിഞ്ഞ ദിവസം തൃശൂര്‍ സ്റ്റാന്‍ഡിനടുത്തുവച്ച് കാറിലെത്തിയ യുവാവിന്റെ മര്‍ദ്ദനമേറ്റത്. യുവാവിന്റെ കാമുകി ഈ ബസിലുണ്ടായിരുന്നു.
ഡ്രൈവറുടെ സീറ്റിനു തൊട്ടുപിന്നിലായിരുന്ന യുവതി സീറ്റില്‍ കാല്കൊണ്ട് ചവിട്ടിയപ്പോള്‍ ചവിട്ടരുതെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതിന്റെ ദേഷ്യത്തില്‍ യുവതി കാമുകനെ ഫോണില്‍ വിളിച്ച് വിവരം പറയുകയായിരുന്നു.
സിനിമാസ്റ്റൈലില്‍ കാറിലെത്തി ബസ് തടഞ്ഞ യുവാവ് ഡ്രൈവറെ ചോദ്യം ചെയ്ത് മാപ്പുപറയണമെന്നാവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നത്രെ.
ഇതിനിടെ ബസിന്റെ താക്കോൽ ഊരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടുകയും ഓട്ടോമാറ്റിക് ഡോര്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിവരികയും ചെയ്തു.
സീറ്റിനും സ്റ്റിയറിംഗിനും കേടുപാടുകള്‍ സംഭവിച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടിയേയും കൊണ്ട് കാറില്‍ രക്ഷപ്പെടാനായിരുന്നു യുവാവിന്റെ പദ്ധതിയെങ്കിലും അത് നടന്നില്ല. ഇരുവരേയും പോലീസിലേല്‍പ്പിക്കുകയും ചെയ്തു.