നെയ്യാറ്റിൻകര: കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടൽ യാത്രക്കാരിക്ക് തുണയായി. നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിലെ (ആര്‍എന്‍ഇ 421 -ാം നന്പര്) നെയ്യാറ്റിന്‍കര- മാരായമുട്ടം -ചെന്പൂര് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരി കീഴാറൂർ സ്വദേശിനി ശ്യാമള ബായിക്ക് യാത്രയ്ക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഡിപ്പോയില്‍ നിന്നും യാത്ര തിരിച്ച ബസ് അമരവിള ചെക്പോസ്റ്റിനു സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ നിഷ കെ.നായർ വിവരം ഡ്രൈവർ പി.കെ.സന്തോഷിനെ അറിയിച്ചു.
ഗതാഗതക്കുരുക്ക് നിറഞ്ഞ ദേശീയപാതയിലൂടെ ബസ് തിരികെ കൊണ്ടുപോവുക സമയനഷ്ടത്തോടൊപ്പം ഏറെ ശ്രമകരവുമാണെന്നതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ മരങ്ങാലി ഗുരുസ്വാമി ക്ഷേത്രം – കോടതി റോഡ് വഴി നെയ്യാറ്റിന്‍കരയിലേയ്ക്ക് വാഹനം തിരിച്ചുവിട്ടു.
അതിനിടയില്‍ കണ്ടക്ടർ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലും പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചു. യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് ഫോണിലൂടെ വിവരം കൈമാറി.
ശ്യാമളയുടെ അടുത്ത ബന്ധു പവിത്ര ആശുപത്രിയിൽ എത്തിച്ചേർന്നപ്പോള്‍ ഡ്രൈവറും കണ്ടക്ടറും കാര്യം വിശദീകരിച്ചു. പിന്നീട് മറ്റു യാത്രക്കാരുമായി ബസ് പതിവു സര്‍വീസ് തുടര്‍ന്നു.
സേവനത്തിനിടെ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച നിഷ കെ.നായർ, പി.കെ.സന്തോഷ് എന്നിവരെ കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര യൂണിറ്റ് ഓഫീസർ പള്ളിച്ചൽ സജീവ് ഉൾപ്പടെയുള്ളവർ അഭിനന്ദിച്ചു.