പത്തനംതിട്ട: കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ലോക്ക് ഡൗണിൽ തുടരുന്നതിനിടെ അവശ്യ സർവീസുകളുടേതടക്കം വാഹനങ്ങൾ വഴിയിൽ കിടക്കേണ്ട; കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം അതു നന്നാക്കി നൽകും.
കെഎസ്ആർടിസി സൗത്ത് സോണിൽ ഏറ്റവും കൂടുതൽ സർക്കാർ വാഹനങ്ങൾ നന്നാക്കി നൽകിയ പത്തനംതിട്ട മെക്കാനിക്കൽ വിഭാഗത്തിന് അഭിനന്ദന സന്ദേശവുമായി മന്ത്രി എ.കെ. ശശീന്ദ്രൻ.
സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽ കുമാറിനെ ഫോണിൽ വിളിച്ചാണു മന്ത്രി അഭിനന്ദനം അറിയിച്ചത്. വീണാ ജോർജ് എംഎൽഎയും ഇവർക്ക് അഭിനന്ദനവും പിന്തുണയുമായെത്തി.
കോവിഡ് 19 വൈറസ് ബാധാ പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ജില്ലയിലെ ഹെൽത്ത്, കണ്‍സ്യൂമർ ഫെഡ്, പോലീസ് വിഭാഗം വാഹനത്തകരാറുകൾ പെരുകുന്നത് ഉദ്യോഗസ്ഥരെ വലച്ചപ്പോൾ സഹായവുമായി പത്തനംതിട്ട കെഎസ്ആർടിസി മെക്കാനിക്കൽ വിഭാഗം രംഗത്തെത്തുകയായിരുന്നു.
സൗത്ത് സോണ്‍ എക്സിക്യുട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ പച്ചക്കൊടി കാട്ടിയതോടെ തകരാറിലായ സർക്കാർ വാഹനങ്ങളുടെ വർക്ക്ഷോപ്പായി മാറുകയായിരുന്നു പത്തനംതിട്ട കെഎസ്ആർടിസി ഗാരേജ്. മാർച്ച് 31 നാണ് ഗ്യാരേജിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്.
ബ്രേക്ക്ഡൗണ്‍, മെയിന്റനൻസ് എന്നുവേണ്ട ഏൽപ്പിക്കുന്ന വാഹനം തകരാറിലായത് നന്നാക്കാനാകുമോ എന്ന കണ്‍സ്യൂമർഫെഡ് മാനേജരുടെ അന്വേഷണം കെഎസ്ആർടിസി സൗത്ത് സോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് അദ്ദേഹം നൽകിയ പിന്തുണയിൽ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ റോയി ജേക്കബിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ സൂപ്പർവൈസറായ താനും രണ്ട് മെക്കാനിക്കുകളും ഒരു ഓട്ടോ ഇലക്ട്രീഷനും അടങ്ങിയ ടീം വർക്ക് ചെയ്യാൻ തയാറായി മുന്നിട്ടിറങ്ങുകയായിരുന്നുവെന്ന് മെക്കാനിക്കൽ സൂപ്പർവൈസർ ഗിരീഷ് കുമാർ പറയുന്നു.
നാലു ദിവസംകൊണ്ട് 18 വാഹനങ്ങളുടെ തകരാറുകൾ പരിഹരിച്ചു. മെക്കാനിക്കൽ സൂപ്പർവൈസർ ഗിരീഷ് കുമാർ, മെക്കാനിക്കുകളായ കെ.ടി. മുരളീധരൻ, എസ്.നൗഷാദ്, ഓട്ടോ ഇലക്ട്രീഷൻ സോജി രാജൻ എന്നിവരാണ് ഗ്യാരേഡിലെ ഈ സ്പെഷൽ മെക്കാനിക്കൽ ടീമിൽ ഉള്ളത്.
ദിവസവും ഗാരേജിൽ എത്തുന്ന ഇവരുടെ സേവനം അവശ്യസർവീസായി പരിഗണിച്ച് ഇവരെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോടു വീണാ ജോർജ് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ബന്ധപ്പെടേണ്ട ഫോണ്‍ നന്പർ- 8943218861, 9846853724