പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഹൈക്കോടതി വിധിയെ തുടർന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജുപ്രഭാകരൻ ഇറക്കിയ ഉത്തരവും പൂഴ്ത്തി വച്ചു.
ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് എട്ടംഗ പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്.
കമ്മിറ്റിയിൽ മാനേജ്മെന്റിൽ നിന്നും മൂന്നു പേരും തൊഴിലാളികളുടെ പ്രതിനിധികളായി മൂന്നു പേരും ഒരു വനിതയും മറ്റ് ഒരംഗവുമുണ്ടായിരിക്കണമെന്നും നിർദേശിച്ചിരുന്നു.
കഴിഞ്ഞ ഡിസംബർ 20-നായിരുന്നു കോടതി വിധി. ജനുവരി 19 – ന് മാനേജിംഗ് ഡയറക്ടർ ഇത് സംബന്ധിച്ചിറക്കിയ ഉത്തരവ് യൂണിറ്റ് ഓഫീസുകളിൽ ഇന്നലെയാണ് എത്തിയത്.
യൂണിയനുകളുടെ താല്പര്യപ്രകാരം ഇത് പൂഴ്ത്തിവയ്ക്കുകയായിരുന്നു എന്നാണ് ആരോപണം. യൂണിറ്റ് തലത്തിൽ രേഖാമൂലം കിട്ടുന്ന പരാതികൾക്ക് 30 ദിവസത്തിനകം പരിഹാരം കാണണമെന്നാണ് നിർദേശം.
ഇത്തരം കമ്മിറ്റികൾ യൂണിറ്റ് തലത്തിൽ നിലവിൽ വന്നാൽ യൂണിയനുകളുടെ അധികാരവും പ്രസക്തിയും നഷ്ടപ്പെടുമെന്നതാണ് കാരണം.
ഉത്തരവ് യൂണിറ്റുകളിൽ എത്താൻ ഒരു മാസത്തോളം വൈകിയതിനാൽ പരാതി പരിഹാര കമ്മിറ്റി രൂപീകരണവും വൈകുകയാണ്.
ഏത് ജീവനക്കാരനും അയാളുടെ പ്രശ്നങ്ങൾ ഇടനിലക്കാരുടെയോ, യൂണിയൻകാരുടെയോ സഹായമില്ലാതെ നേരിട്ട് ഈ കമ്മിറ്റിക്ക് പരാതിയായ് നൽകാം.
അനധികൃത സ്ഥലം മാറ്റം, ആബ്സന്റ് രേഖപ്പെടുത്തൽ, ശമ്പള റിക്കവറി യഥാസമയങ്ങളിൽ ധനകാര്യ സ്ഥാപനങ്ങളിൽ അടക്കാതിരിക്കൽ, സീനിയോരിറ്റി മറികടന്നുള്ള ആനുകൂല്യങ്ങൾ, അധിക സമയ ജോലി, ഇക്രിമെന്റ് യഥാസമയം എഴുതാതിരിക്കൽ, ശിക്ഷണ നടപടിയുടെ ഭാഗമായുള്ള ഫയൽ യഥാസമയം തീർപ്പാക്കാതിരിക്കൽ, സമയ പരിധിയില്ലാതെ സസ്പെൻഷനിൽ നിർത്തൽ, എൽഐസി, എൻ ഡി ആർ പ്രശ്നങ്ങൾ, അർഹമായ ആനുകൂല്യങ്ങൾ നിരസിക്കൽ, കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കൽ തുടങ്ങി ജീവനക്കാരുടെ ഏത് വിഷയങ്ങൾക്കും പരാതി നല്കാം.
പരാതി ലഭിച്ച് 30 ദിവസത്തിനകം ഈ കമ്മറ്റി നിയമപരമായ തീർപ്പ് കൽപ്പിച്ചിരിക്കണം. സ്വജനപക്ഷപാതമോ, അമാന്തമോ ഉണ്ടായാൽ കോടതിക്ക് അക്കാര്യത്തിൽ നേരിട്ട് ഇടപെടാം. യൂണിയൻ കാരുടെ പിരിവിൽ നിന്നും മേലുദ്യോഗസ്ഥന്മാരുടെ തിട്ടൂരത്തിൽ നിന്നും ജീവനക്കാർ മുക്തരാകും.
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ കോർപ്പറേഷനോട് കോടതിയുടെ ഇപ്രകാരമുള്ള കർശന നിർദ്ദേശം ഇതാദ്യമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടി.