വെള്ളരിക്കുണ്ട്: യാത്രക്കാർക്ക് സൗജന്യമായി കുടിവെള്ളം, പാട്ടുകേൾക്കാൻ മ്യൂസിക് സിസ്റ്റം, ജീവനക്കാരും സ്ഥിരം യാത്രക്കാരും ഫാൻസും ചേർന്ന് വാട്സ് ആപ്പ് കൂട്ടായ്മ… കൊന്നക്കാട് നിന്ന് കുമിളിയിലേക്ക് പോകുന്ന കെഎസ്ആർടിസിയുടെ താരപരിവേഷം ഇതുകൊണ്ടും തീരുന്നില്ല.
വാട്സാപ്പ് കൂട്ടായ്മയുടെ വക കൊന്നക്കാട് മുതൽ കുമളി വരെയുള്ള പല സ്ഥലങ്ങളിലെയും സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. സ്കൂൾ ബാഗ്, നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ബോക്സ്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ എല്ലാം അടങ്ങുന്ന സ്കൂൾ കിറ്റിന്റെ വിതരണം ഒരേ സമയത്ത് കുമളി ഡിപ്പോയിലും കൊന്നക്കാട്ടും നടന്നു.
സർവീസ് പോകുന്ന വഴികളിൽ വിദ്യാർഥികൾക്കായി നൽകുവാനുള്ള ബാക്കി കിറ്റുകളുമായാണു ബസിന്റെ ഇന്നത്തെ യാത്ര. ആത്മാർത്ഥതയുള്ള ഒരു പറ്റം ജീവനക്കാരും അവരോടൊപ്പം സ്ഥിരം യാത്രക്കാരും കെഎസ്ആർടിസി ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരും ഒന്നിച്ചപ്പോൾ സ്വകാര്യ ബസുകളെ വെല്ലുന്ന സേവനം മുഖമുദ്രയാക്കി കുമിളിയുടെ “കൊന്നക്കാടൻ’ യാത്ര തുടരുന്നു.
ഈ ബസിന്റെ മാതൃകാപരമായ പ്രവർത്തനത്തെ പ്രശംസിച്ച് എംഡി എം.പി.ദിനേശ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെല്ലാം ഉപരി പരിപൂർണ പിന്തുണ നൽകി ഈ സർവീസ് വിജയം ആക്കി തീർത്തതിൽ കുമിളി ഡിപ്പോയിലെ ഉദ്യോഗസ്ഥരുടെ പങ്കും വലുതാണ്. ഇപ്പോൾ എംഡിയുടെ അഭിനന്ദനം കൂടിയായപ്പോൾ പ്രവർത്തകർക്ക് ആവേശം വർധിച്ചു.