സിജോ പൈനാടത്ത്
കൊച്ചി: നഷ്ടക്കണക്കുകളുടെ ചരിത്രം മാറ്റിയെഴുതാന്‍ പുതുവഴികള്‍ തേടുന്ന കെഎസ്ആര്‍ടിസി കന്നുകാലികള്‍ക്കുള്ള തീറ്റയുടെ വിപണനത്തിലും കൈകോര്‍ക്കുന്നു.
കാലി, കോഴി, ആട് തീറ്റകള്‍ കര്ഷകരിലേക്കു നേരിട്ടെത്തിക്കുന്ന കേരള ഫീഡ്സിന്റെ ‘ഫീഡ് ഓണ്‍ വീല്‍സ്’ പദ്ധതിക്കായി കെഎസ്ആര്‍ടിസിയുടെ രണ്ടു ബസുകള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങും.
കോര്‍പറേഷന്റെ സെന്റര്‍ ഗാരേജില്‍നിന്നു മൊബൈല്‍ വര്‍ക്ഷോപ്പിനായി ഉപയോഗിച്ചിരുന്ന രണ്ടു ബസുകളാണു കാലിത്തീറ്റയുമായി ഇനി കേരളം ചുറ്റുക.
ഫീഡ് ഓണ്‍ വീല്‍സ് ആകര്‍ഷകമാക്കാന്‍ പിന്‍ഭാഗം രൂപമാറ്റം വരുത്തിയും ചിത്രങ്ങള്‍ ആലേഖനം ചെയ്തുമാണു ബസുകള്‍ എത്തുന്നത്.
മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള പൊതുമേഖല കാലിത്തീറ്റ നിര്‍മാതാക്കളായ കേരള ഫീഡ്സിന്റേതാണു പദ്ധതിയെങ്കിലും, ബസ് ഓടിക്കാനുള്ള ഡ്രൈവറും ഹെല്‍പറും കെഎസ്ആര്‍ടിസിയുടേതാണ്.
കേരള ഫീഡ്സിന്റെ രണ്ടു ജീവനക്കാരും ബസിലുണ്ടാകും. കെഎസ്ആര്‍ടിസിയുടെ ലോജിസ്റ്റിക് വിഭാഗം ബോണ്ട് അടിസ്ഥാനത്തിലാണു ബസ് പദ്ധതിക്കായി നല്‍കുന്നത്.
വാടക തുക സംബന്ധിച്ച് അന്തിമധാരണയിലെത്തിയിട്ടില്ലെന്ന് കേരള ഫീഡ്സ് അധികൃതര്‍ അറിയിച്ചു.
കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഉത്പാദന യൂണിറ്റുകളുള്ള കരുനാഗപ്പിള്ളിയും കോഴിക്കോടും കേന്ദ്രീകരിച്ചാകും ആദ്യഘട്ടത്തില്‍ ബസുകള്‍ ഓടുക. വിജയകരമായാല്‍ കൂടുതല്‍ ബസുകള്‍ എല്ലാ ജില്ലകളിലേക്കും എത്തും.
തൃശൂരിലും തൊടുപുഴയിലും കാലിത്തീറ്റ യൂണിറ്റുകളുണ്ട്. നിലവില്‍ ഡീലര്‍ഷിപ്പ് ഇല്ലാത്ത ഗ്രാമീണ മേഖലകളിലാകും കൂടുതല്‍ ശ്രദ്ധിക്കുകയെന്നു കേരള ഫീഡ്സ് ഡപ്യൂട്ടി മാനേജര്‍ ഷൈന്‍ എസ്. ബാബു അറിയിച്ചു.
കര്‍ഷകര്‍ക്കു നേരിട്ടു കാലിത്തീറ്റ എത്തിക്കുകയാണു ലക്ഷ്യം. സംഘങ്ങളില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ബസുകളില്‍ നിന്നു കര്‍ഷകര്‍ക്കു കാലിത്തീറ്റകള്‍ വാങ്ങാനാകുമെന്നും അദ്ദേഹം അറിയിച്ചു.
9എല്ലാ ജില്ലകളിലെയും കര്‍ഷകര്‍ക്ക് എസ്എംഎസ് അയച്ചു കാലിത്തീറ്റയും കോഴിത്തീറ്റയും ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം കേരള ഫീഡ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓര്‍ഡര്‍ പ്രകാരമുള്ള സ്ഥലങ്ങളിലേക്കു ഫീഡ് ഓണ്‍ വീല്‍സിന്റെ ബസുകളെത്തി തീറ്റ കൈമാറും.