ചാത്തന്നൂർ: സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി കെഎസ്ആർടിസി വിട്ടു കൊടുക്കുന്ന ബോണ്ട് (ബസ് ഓൺ ഡിമാന്റ്) സർവീസുകളുടെ നിരക്ക് നിശ്ചയിച്ചു.
100 മുതൽ 200 കിലോമീറ്റർ വരെ പ്രതിദിന ദൂരത്തിന് (നാലു ട്രിപ്പുകൾ ) ആണ് തുക നിശ്ചയിച്ചിരിക്കുന്നത്. അധിക ദൂരമോട്രിപ്പോ ഓടിയാൽ അധിക ചാർജ് നല്കണം.
ഒരു മാസത്തെ തുക മുൻകൂറായി അടയ്ക്കുകയും എല്ലാ മാസവും അഞ്ചിന് മുമ്പ് തുക അടയ്ക്കുകയും വേണമെന്നും സിഎംഡിയുടെ ഉത്തരവ്.
സ്കൂൾ ബസുകളിൽ വനിതാ കണ്ടക്ടർമാരെ നിയമിക്കണം. സ്കൂൾ അധികൃതർ ആവശ്യപ്പെടുന്ന പക്ഷം ആയയോ സഹായിയോ ബസിൽ ഒപ്പം കൂട്ടാം.
ഒരു ബസിൽ 40 കുട്ടികളെയാണ് അനുവദിക്കുന്നത്. മാസത്തിൽ 20 ദിവസത്തെ സർവീസാണ് നടത്തുക.
അധിക ദിവസം അധിക തുക
അധിക ദിവസം ബസ് ഓടിക്കേണ്ടി വന്നാൽ അധിക തുക സ്കൂൾ അധികൃതർ അടയ്ക്കണം.
സ്കൂൾ സർവീസ് നടത്തുമ്പോൾ സ്കൂളിന്റെ പേരെഴുതിയ ബോർഡും പ്രദർശിപ്പിക്കാൻ അനുമതിയുണ്ട്. ഓർഡിനറി ബസുകളാണ് ബോണ്ട് സർവീസായി സ്കൂളുകൾക്കായി ഓടിക്കുന്നത്.
പ്രതിദിനം 100 കിലോമീറ്റർ വരെ 7,500 രൂപയും 120 കിലോമീറ്റർ വരെയെങ്കിൽ 8,000, 140 കിലോമീറ്റർ വരെയെങ്കിൽ 8,500 ,160 കിലോമീറ്റർ വരെയെങ്കിൽ 9,000,180 കിലോമീറ്റർ വരെയെങ്കിൽ 9,500, 200 കിലോമീറ്റർ വരെയെങ്കിൽ 10,000 എന്നിങ്ങനെയാണ് 20 ദിവസത്തെയ്ക്കുള്ള നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
മാസം 15,000, 16,000, 17,000, 18,000, 19,000, 20,000 എന്നിങ്ങനെയാണ് ഓരോ ടേബിൾ കിലോമീറ്റർ ദൂരത്തിന്റെയും നിരക്ക്.
ഓർഡിനറി ബസുകൾ വേണ്ടാത്ത സ്കൂളുകൾക്ക് സൂപ്പർ ക്ലാസ്, എസി ബസുകളും വിട്ടു കൊടുക്കും. അതിനു നിയമാനുസൃതമായ നിരക്കുകളായിരിക്കും അടയ്ക്കേണ്ടത്. മുൻകൂർ തുകയും ഒടുക്കണം.
സ്കൂൾ ട്രിപ്പ് കഴിഞ്ഞാൽ
സ്കൂൾ ട്രിപ്പ് കഴിഞ്ഞാൽ, ഈ ബസുകൾ ഉപയോഗിച്ചു സൗകര്യപ്രദമായ ഷെഡ്യൂൾ നടത്തണമെന്നും സിഎംഡി നിർദ്ദേശിച്ചിട്ടുണ്ട്.
വാഹനച്ചെലവ്, ഇന്ധനം, സ്പെയർ പാർട്സ്, ടയർ, ജീവനക്കാരുടെ വേതനം, ഇൻഷ്വറൻസ് തുക എന്നിവ കണക്കാക്കിയാണ് സ്കൂൾ ബസുകളുടെ നിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നു കെഎസ്ആർടിസി അവകാശപ്പെടുന്നു.
സ്കൂൾ, കോളജ് ബോണ്ട് സർവീസുകൾ ബ്രേക്ക് ഡൗണായാൽ ഉടൻ പകരം ബസ് എത്തിക്കേണ്ട ചുമതല യൂണിറ്റ് അധികൃതർക്കാണ്.
പ്രദീപ് ചാത്തന്നൂർ