തിരുവനന്തപുരം: കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും ലോഗോയും ആനവണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിനു സ്വന്തം.
കേരളത്തിന്റെയും കർണാടകത്തിന്റെയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ചുവന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിനു മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഇരുസംസ്ഥാനങ്ങളും പൊതുഗതാഗത സർവീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് ഉപയോഗിച്ച് വന്നത്.
എന്നാൽ, ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014ൽ കർണാടക നോട്ടീസ് അയച്ചു.
ഇതിനെതിരേ അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിനെ സമീപിച്ചു.
ഇതോടെ വർഷങ്ങളുടെ നിയമപോരാട്ടത്തിനു തുടക്കമായി. ഒടുവിൽ ട്രേഡ് മാർക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും എംബ്ലവും ആനവണ്ടി എന്ന പേരും കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷന് അനുവദിച്ച് ട്രേഡ് മാർക്ക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കർണാടകത്തിന് ഉടൻതന്നെ നോട്ടീസ് അയയ്ക്കുമെന്ന് കെഎസ്ആർടിസി എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു.