സ്വന്തം ലേഖകൻ
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകൾക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രം.
യാത്രക്കാർക്കും കോർപറേഷനും ഒരുപോലെ ലാഭകരമാകുമെന്ന് പ്രതീക്ഷിച്ച് എംഡി ബിജു പ്രഭാകറിന്റെ നിർദേശപ്രകാരം ആരംഭിച്ച സർവീസ് യാത്രക്കാരില്ലാതെ നഷ്ടത്തിലോടാൻ തുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു.
കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിൽനിന്നും തലശേരി ഡിപ്പോയിൽനിന്നും കഴിഞ്ഞ ഫെബ്രുവരി 13 മുതലാണ് ലോ ഫ്ളോര്‍ എസി സര്‍ക്കുലര്‍ ബസുകള്‍ സര്‍വീസ് ആരംഭിച്ചത്.
ദിവസം പതിനായിരത്തിലധികം രൂപ ചെലവിട്ട് സര്‍വീസ് നടത്തുമ്പോള്‍ പ്രതിദിന വരുമാനമായി 4,000ല്‍ താഴെ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ ബസ് വന്‍ നഷ്ടത്തിലാണ് ഓടുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തെയും കണ്ണൂര്‍, തലശേരി റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്.
ഒരു ദിവസം ഉച്ചയ്ക്ക് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് സമാപിക്കുന്ന സര്‍വീസ് വഴി പരമാവധി 4,000 രൂപവരെ മാത്രമേ യാത്രാക്കൂലി ഇനത്തില്‍ ലഭിക്കുന്നുള്ളൂ.
ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ഡബിള്‍ ഡ്യൂട്ടിയാണ്. ഇവരുടെ ശമ്പള ഇനത്തില്‍ മാത്രം ദിവസം നാലായിരം രൂപയോളം നല്‍കണം.
കൂടാതെ 5,000 രൂപയോളം ഇന്ധനത്തിന് ചെലവ് വരും. എസി ലോ ഫ്ളോര്‍ ബസ് എന്നനിലയില്‍ ചെലവ് വെറെയും.
200 രൂപയാണ് ഒരു യാത്രക്കാരനില്‍നിന്ന് ഈടാക്കുന്നത്. ലഗേജിന് മറ്റു ചാർജുകളൊന്നുമില്ല.
എന്നാൽ സാധാരണ ബസുകളില്‍ 30 രൂപയ്ക്ക് യാത്രചെയ്യാമെന്നിരിക്കെ ഇത്രയും വലിയ തുക ഈടാക്കുന്നതിനാലാണ് എസി ലോ ഫ്ളോർ ബസില്‍ യാത്രക്കാര്‍ കയറാത്തതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
കൂടാതെ സർവീസ് സമയത്തിൽ അശാസ്ത്രീയതയുണ്ടെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.
ഇതുസംബന്ധിച്ച് പുനരാലോചന വേണമെന്നും യാത്രക്കാർക്കും കോർപറേഷനും ഒരുപോലെ ലാഭകരമാക്കാവുന്ന തരത്തിൽ സർവീസിനെ എങ്ങനെ പുനക്രമീകരിക്കാമെന്ന് ആലോചിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
കണ്ണൂര്‍, തലശേരി ഡിപ്പോകളില്‍നിന്ന് എയര്‍പോര്‍ട്ടിലേക്ക് ബസ് പുറപ്പെടുന്ന സമയം പുലര്‍ച്ചെ 5.00, 8.30, ഉച്ചകഴിഞ്ഞ് 2.30, 6.30. എയര്‍പോര്‍ട്ടില്‍നിന്ന് കണ്ണൂര്‍, തലശേരി ഡിപ്പോകളിലേക്ക് ബസ് പുറപ്പെടുന്ന സമയം രാവിലെ 7.00, 12.00, വൈകുന്നേരം 5.00, രാത്രി 10.00 എന്നിങ്ങനെയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ പോക്കുവരവ് കുറഞ്ഞിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ വീണ്ടും കര്‍ശന നിയന്ത്രണം തുടങ്ങിയതോടെ വേനലവധിക്ക് പ്രവാസികളും നാട്ടിലേക്ക് മടങ്ങുന്നത് വിരളമാണ്. ഈ സാഹചര്യങ്ങളും സര്‍വീസിനെ ബാധിച്ചു.