പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്കുകാലത്തു നിലയ്ക്കലിൽനിന്നും പമ്പയിലേക്ക് ഓരോ മിനിട്ടിലും ഒരു ബസ് വീതം സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി. പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു.
ആദ്യമായാണ് കെഎസ്ആർടിസി ഇത്തരത്തിൽ നിലയ്ക്കൽ – പമ്പാ സർവീസ് നടത്തുന്നത്. രണ്ടു മിനിറ്റ് കൂടുമ്പോൾ ഒരു എസി ബസ് സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. സാധാരണ ബസിന് 40 രൂപയും എസി ബസിന് 75 രൂപയുമാണ് നിലയ്ക്കൽ – പമ്പ നിരക്ക്. ഇതു നടപ്പായാൽ നാല് മണിക്കൂറിനുള്ളിൽ 15,000 തീർഥാടകരെ പമ്പയിലെത്തിക്കാൻ സാധിക്കും.
നിലയ്ക്കലിലെത്തുന്ന വിഐപികൾക്കായി പ്രത്യേക ബസുകളുണ്ടാകും. എല്ലാ വാഹനങ്ങളും നിലയ്ക്കൽ വരെ മാത്രമാക്കി പരിമിതപ്പെടുത്തുന്പോൾ തീർഥാടകരെ പൂർണമായി പന്പയിലെത്തിക്കേണ്ട ചുമതല കെഎസ്ആർടിസിക്കു വന്നുചേരുകയാണെന്ന് എംഡി ചൂണ്ടിക്കാട്ടി.
സാധാരണ ബസുകൾക്കൊപ്പം പത്ത് ഇലക്ട്രിക് ബസുകളും നിരത്തിലിറക്കും. ബസുകൾക്ക് ആവശ്യമായ വൈദ്യുതി നൽകാൻ കെഎസ്ഇബിയോട് ആവശ്യപ്പെടും. ചരിത്രത്തിൽ ആദ്യമായി കണ്ടക്ടർ ഇല്ലാത്ത ബസുകളാകും പമ്പയിലേക്ക് പരീക്ഷിക്കുക.