കോഴിക്കോട്: സാന്പത്തികമായി ബുദ്ധിമുട്ടുന്ന കെഎസ്ആർടിസിക്ക് ഇരട്ട പ്രഹരമായി ലോക്ക്ഡൗൺകാലത്തെ സർവീസുകൾ. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചിട്ടും പിടിച്ച് നിൽക്കാൻ പാടുപെടുകയാണ് കോർപ്പറേഷൻ.
ബാസിൽകയറാൻ ആളില്ലാത്തതും സ്വകാര്യ ബസുകളുടെ സമയം ക്രമികരിക്കാതെയുള്ള ഓട്ടവും കെഎസ്ആർടിസിയുടെ സർവീസിനെ കാര്യമായി ബാധിക്കുന്നുണ്ട്.
കെഎസ്ആർടിസിയുടെ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമുള്ള സർവീസും സാന്പത്തിക ബാധ്യതയ്ക്ക് കാരണമാകുന്നുണ്ട്. നിലവിലെ വിലക്ക് ലംഘിച്ച് മറ്റു ജില്ലയിലേക്ക് പ്രൈവറ്റ് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്.
ഇതുകാരണം സമീപ ജില്ലയിലേക്കുള്ള ആൾക്കാരും പ്രൈവറ്റ് ബസുകളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. 1035 ഓളം സർവീസുകൾ നടത്തുന്ന നോർത്ത് സോണിൽ 500 താഴെ സർവ്വീസുകൾ നടത്തിയിട്ടും കനത്ത നഷ്ടത്തിലാണ് കോർപ്പറേഷൻ.
ദിവസേനെ കണ്ടൈയ്ൻമെന്റ് സോണിന്റെ എണ്ണം കൂടുന്നതും സർവീസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണിലെ കെഎസ്ആർടിസി ഗ്യാരേജുകളിൽ നിന്നും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നില്ല.
യാത്രക്കാർ കൂടുതലുള്ള സുൽത്താൻ ബത്തേരി, തൊട്ടിൽപാലം, വടകര, മഞ്ചേരി തുടങ്ങിയ മേഖലകൾ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതോടെ സർവ്വീസുകളുടെ വരുമാനത്തേയും ബാധിച്ചിട്ടുണ്ട്.
436 സർവീസുളാണ് നിലവിൽ നോർത്ത് സോണിൽ ഓപ്പറേറ്റ് ചെയ്യുന്നത്. ഇതുതന്നെ കടുത്ത നഷ്ടത്തിലാണെന്നാണ് നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ പറയുന്നത്. കിലോമീറ്ററിന് 30 രൂപ കിട്ടിയാൽ മാത്രമേ കെഎസ്ആർടിസിക്ക് ലഭവും നഷ്ടവുമില്ലാതെ സർവ്വീസ് നടത്താൻ കഴിയുകയുള്ളു.
എന്നാൽ ഇപ്പോള്‍ കിലോമീറ്ററിന് 24 രൂപയിൽ താഴെയെ ലഭിക്കുന്നുള്ളു. രാവിലെയും വൈകുന്നേരവുമുള്ള സർവ്വീസുകൾ ഒഴിച്ചാൽ ബാക്കിയുള്ളതെല്ലാം വൻ നഷ്ടത്തിലാണ്. ഷെഡ്യൂളുകൾ കൂട്ടുന്നതനുസരിച്ച് സാന്പത്തിക ബാധ്യതയും കൂടുകയാണന്ന് നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ പറഞ്ഞു.
കഴിഞ്ഞ ദിവസം 447 സർവ്വീസ് നടത്തിയപ്പോൾ 17,10257 രൂപ ലഭിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം 436 സർവ്വീസായി കുറച്ചപ്പോൾ 20, 00666 രൂപ വരുമാനം ലഭിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഷെഡ്യൂളുകൾ കുറച്ച് നഷ്ടത്തിന്റെ തോത് കുറക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ ഓട്ടം നിര്‍ത്തും. ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണായതിനാല്‍ തിങ്കളാഴ്ച മുതല്‍ സര്‍വീസ് നടത്തുമ്പോള്‍ ബസുടകള്‍ കൂടുതല്‍ സാമ്പത്തിക നഷ്ടം സഹിക്കേണ്ടതായി വരും. അതികൊണ്ട് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ബസുടമകള്‍ പറഞ്ഞു. സര്‍വീസ് നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് തുടരുകയും ചെയ്യാം. വെള്ളിയാഴ്ച ചേര്‍ന്ന ബസുടമകളുടെ ജില്ലാതല യോഗത്തില്‍ നഷ്ടം സഹിച്ച് സര്‍വീസ് നടത്തേണ്ടതില്ലെന്ന് അഭിപ്രായമുയര്‍ന്നു.
21 മുതലാണ് ജില്ലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃരാരംഭിച്ചത്. ആദ്യഘട്ടത്തില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് നിരക്കാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയത്. എന്നാല്‍ പിന്നീട് എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താന്‍ അനുമതി നല്‍കിയതോടെ പഴയ നിരക്കാക്കി.
ദിവസം സര്‍വീസ് നടത്തുന്നതു വഴി ബസുടമകള്‍ക്ക് ഭീമമായ നഷ്ടമാണുണ്ടായതെന്ന് ഉടമകള്‍ പറഞ്ഞു. 21 മുതല്‍ സര്‍വീസ് നടത്തിയ ബസ് ഉടമയ്ക്ക് ശരാശരി 12,460 രൂപയാണ് നഷ്ടം. ഈ സ്ഥിതി തുടരാനാവില്ലെന്നും ബസുകള്‍ ഓട്ടം നിര്‍ത്തേണ്ട അവസ്ഥയാണെന്നും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി എം.തുളസീധരന്‍ ” ദീപിക’യോട് പറഞ്ഞു. ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം ബസുകളും സര്‍വീസ് നടത്തിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ.അബ്ദുള്‍ നാസര്‍ പറഞ്ഞു. സര്‍വീസ് നടത്തിയ ബസുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.