തൊടുപുഴ: കെ എസ്ആർടിസി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി. കാഞ്ഞിരപ്പള്ളിയിൽ നിന്നും തൊടുപുഴ വഴി എറണാകുളം കലൂരിലേക്ക് പോയ കെ എസ്ആർടിസി ബസാണ് ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ തടഞ്ഞത്. സ്വകാര്യ ബസ് പോയതിനുശേഷം കെ എസ്ആർടിസി പോയാൽ മതിയെന്ന് പറഞ്ഞാണ് ഇവർ ബസ് തടഞ്ഞത്.
ഭീഷണി ഭയന്ന് കെഎസ്ആർടിസി ജീവനക്കാർ സ്വകാര്യ ബസ് പോയതിനു ശേഷമാണ് പോയത്. ഇതിനു മുൻപും കെ എസ്ആർടിസി ബസുകൾക്കു നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നും ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്.
ഏതാനും മാസങ്ങൾക്കു മുന്പ് മടക്കത്താനത്തു നിന്നും കെ എസ്ആർടിസി ബസിൽ യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് കദളിക്കാട് വച്ച് സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ വാഹനം വിലങ്ങി അസഭ്യം പറയുന്ന സംഭവമുണ്ടായി. ഏതാനും ദിവസം മുൻപ് മൂവാറ്റുപുഴ-തൊടുപുഴ- ഈരാറ്റുപേട്ട ചെയിൻ സർവീസ് ബസിനു മുന്നിലും വാഹനം വിലങ്ങിയതിനെ തുടർന്ന് രണ്ടു ബസുകളിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി.
തൊടുപുഴ സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് കെ എസ്ആർടിസി ബസുകൾ തടയുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും നിത്യസംഭവമാണെന്നും ആരോപണമുണ്ട്