കെഎസ്ആർടിസി ബസിൽ കയറിയ ഓർമക്കുറവുള്ള സ്ത്രീയെ സഹായിച്ച കണ്ടക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ.
കായംകുളത്തു നിന്ന് എറണകുളത്തേക്ക് പുറപ്പെട്ട ബസിലായിരുന്ന പ്രായമുള്ള സ്ത്രീ കയറിയത്.
ഒടുവിൽ മകന്റെ കൈയിൽ സുരക്ഷിതമായി അമ്മയെ ഏൽപ്പിച്ച ശേഷമാണ് കണ്ടക്ടർ ഷെഫീക് ഇബ്രാഹിം തന്റെ അടുത്ത ട്രിപ്പ് തുടങ്ങിയത്.
പോസ്റ്റിന്റെ പൂർണരൂപം
കായംകുളത്ത് നിന്നും എര്ണ്ണാകുളത്തേക്കുളള യാത്രയില്‍ ആലപ്പുഴയില്‍ നിന്നും കയറിയ ഒരു അമ്മ വളരെ വിഷമത്തോടെ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു.
ടിക്കറ്റ് എടുക്കാനായി അരികിലെത്തിയിട്ട് എവിടെ പോകണമെന്ന് ചോദിച്ചു.ഒരു പേപ്പര്‍ നല്കി. ആ പേപ്പറില്‍ ആലപ്പുഴക്ക് പോകുന്നതിനുളള വഴിയായിരുന്നു കുറിച്ചിട്ടിരുന്നത്.
അരൂര്‍ ബൈപാസ്സില്‍ നിന്നുമുളള വഴി ആയിരുന്നു. ഒരു പിടിയും കിട്ടിയില്ല.ആ അമ്മക്ക് വ്യക്തമായി കാര്യങ്ങള്‍ പറയാനും കഴിയുന്നില്ല.
എന്താണ് സംഭവം എന്നറിയാതെ കുഴഞ്ഞു. മറ്റു യാത്രികരോട് കാര്യങ്ങള്‍ തിരക്കി ഒരുവിധം സ്ഥലം മനസ്സിലാക്കി ടിക്കറ്റ് നല്കി.
എര്‍ണ്ണാകുളം ടിക്കറ്റ് എടുക്കുവാനാണ് പറഞ്ഞത്. ടിക്കറ്റ് തുക കഴിഞ്ഞ് ബാക്കി തുക അമ്മയെ തിരികെ ഏല്‍പ്പിച്ചു.
തോപ്പുംപടി വഴി എര്‍ണ്ണാകുളത്തേക്ക് പോകുന്ന ബസ്സ് ആയതിനാല്‍ പേപ്പറില്‍ പറഞ്ഞിരിക്കുന്ന പാലച്ചുവട് എന്ന സ്ഥലം ബൈപ്പാസ് വഴി പോകേണ്ടതാണ് എന്ന് മനസ്സിലാക്കി.
ഫോണ്‍ കൈവശം ഇല്ലായിരുന്നു . ഓര്‍മ്മക്കുറവുണ്ടെന്ന് തോന്നി.യാത്രികര്‍ക്ക് ടിക്കറ്റ് എടുത്തതിന് ശേഷമുളള ഗ്യാപ്പിലാണ് വിവരങ്ങള്‍ അന്വേഷിച്ചത്.
ഞാന്‍ വിവരങ്ങള്‍ തിരക്കുന്നത് ശ്രദ്ധയില്‍ പെട്ട ആലപ്പുഴ സ്വദേശിയായ ഒരു ചേച്ചിയുടെ സഹായത്താല്‍ കൂടുതല്‍ വിവരങ്ങള്‍ തിരക്കി.
ഒരു മകന് ഉണ്ടെന്നും, എര്‍ണ്ണാകുളത്ത് വാടകക്ക് താമസിക്കുന്നു എന്നും മനസ്സിലായി.ആരുടെയും ഫോണ്‍ നമ്പര്‍ കൈവശമില്ല എന്നാണ് പറഞ്ഞത്.
സഹായവുമായി എത്തിയ ചേച്ചിയും,ഞാനും പറഞ്ഞു.ആ അമ്മയോട് കാര്യങ്ങള്‍ തുറന്നു പറയൂ.അല്ലെങ്കില്‍ വഴി തെറ്റി എങ്ങോട്ടെങ്കിലും പോയാലോ..
ആ അമ്മയുടെ അവസ്ഥയില്‍ സങ്കടം തോന്നി.തൊട്ടടുത്തിരുന്ന യാത്രിക ചേര്‍ത്തല എത്തുനതിന് മുമ്പ് ചേര്‍ത്തല ബസ്സ് സ്റ്റേഷനില്‍ വിവരങ്ങള്‍ പറഞ്ഞ ശേഷം പോലീസില്‍ അറിയിച്ചാലോ എന്ന അഭിപ്രായം ഉണ്ടായി. Missing വല്ലതുമാകുമോ എന്നും മനസ്സില്‍ തോന്നി.
ചേര്‍ത്തല ഡിപ്പോയിലെ ഇന്‍സ്പെക്ടറെ വിവരം അറിയിച്ചു. അദ്ദേഹം എര്‍ണ്ണാകുളത്തേക്ക് പോകുവാന്‍ നിര്‍ദ്ദേശിച്ചു.
അവിടെ ചെന്നിട്ട് വേണ്ട നടപടികള്‍ ചെയ്യാമെന്ന് ഞാനും കരുതി. `മഹിളാമണി’ എന്നാണ് പേര് എന്ന് കുറേ ചോദിച്ചപ്പോള്‍ പറഞ്ഞു. പിന്നീട് വെളിയിലേക്ക് നോക്കി നിശബ്ദയായി ഇരിക്കുകയാണ്.
ആലപ്പുഴ സ്വദേശിയായ ചേച്ചി ചേച്ചിയുടെ കൈവശം ആരുടെയെങ്കിലും നമ്പറോ, അഡ്രസ്സോ ഉളള എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്ന് ആ അമ്മയുടെ ബാഗ് തുറന്ന് തിരഞ്ഞു.
ഒരു ചികിത്സാ രേഖ ലഭിച്ചു.പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നും ഡയബിറ്റസിന് മരുന്നുകള്‍ വാങ്ങുന്നതിനാണ്.
അതില്‍ രണ്ടുപേജുകളിലായി രണ്ടു മൊബൈല്‍ നമ്പര്‍ ലഭിച്ചു.രണ്ടിലേക്കും എന്റെ മൊബൈലില്‍ നിന്നും വിളിച്ചു.
രണ്ടു പ്രാവശ്യം ശ്രമിച്ചിട്ടും ആരും എടുത്തിട്ടില്ല. ആ പ്രതീക്ഷയും നഷ്ടമായി. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിച്ചു.
പാലച്ചുവടും, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സും അറിയാവുന്ന ഒരു യാത്രിക ബസ്സിലുണ്ടായിരുന്നു. ആദ്യം വിളിച്ച ഫോണ്‍ നമ്പരില്‍ നിന്നും പ്രതീക്ഷയുടെ ഒരു കോള്‍ വന്നു.
അത് മകന് വാടകക്ക് താമസിക്കുന്ന ഫ്ളാറ്റിലെ ഉടമസ്ഥയുടെ ആയിരുന്നു. വിവരങ്ങള്‍ വിശധമായി അവര്‍ പറഞ്ഞു. ഓര്‍മ്മക്കുറവുണ്ട്, ഇടക്ക് ഇങ്ങനെപോകാറുണ്ട് എന്നും പറഞ്ഞു
അരൂര്‍ ബൈപ്പാസില്‍ ഇറക്കി പ്രസ്തുത ഭാഗത്തേക്കുളള ബസ്സില്‍ കയറ്റി വിട്ടാല്‍ മതി എന്നും പറഞ്ഞു.
തോപ്പുംപടി പോകേണ്ട ഒരു ചേച്ചി അരൂര്‍ പളളി ഇറങ്ങിയിട്ട് ഈ അമ്മയെ സഹായിക്കാന്‍ ആദ്യം തയ്യാറായി.
എരമല്ലൂര്‍ കഴിഞ്ഞ് ചന്ദ്രൂര്‍ പാലം ആയപ്പോല്‍ ഞാന്‍ നേരത്തെ ശ്രമിച്ച രണ്ടായത്തെ മൊബൈലില്‍ നിന്നും ഫോണ്‍ വന്നു.
മഹിളാമണി അമ്മയുടെ ആരാണ് വിളിക്കുന്നത് എന്ന് തിരക്കി. മകനാണ് എന്ന് പറഞ്ഞു.ഇടക്ക് ഇങ്ങനെ പോകാറുണ്ട്. ആലപ്പുഴക്ക് പോയിരുന്നതാണ് എന്നാണ് പറഞ്ഞത്.
അദ്ദേഹം എര്‍ണ്ണാകുളത്ത് ഉണ്ടെന്ന് പറഞ്ഞു. സൗത്ത് KSRTC ബസ്സ് സ്റ്റേഷനില്‍ എത്താമെന്നും, അവിടെ വന്ന് അമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നും പറഞ്ഞു.
ഇടക്ക് എപ്പോഴോ അമ്മ ഛര്‍ദ്ദിച്ചിരുന്നു. ഷുഗര്‍ രോഗി കൂടെ ആയതിനാലും, ഒരു പക്ഷേ, ഭക്ഷണം കഴിക്കാതിരുന്നതിനാലും ആകാം.വെളളം കുടിക്കുവാന്‍ നല്‍കിയിട്ടും കുടിച്ചില്ല.
അരൂര്‍ പളളി ജംഗ്ഷനില്‍ ഇറക്കേണ്ട എന്ന് തീരുമാനിച്ചു. ഡ്യൂട്ടിക്കിടയില്‍ എന്നോടൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സുഹൃത്തും പരമാവധി സഹകരിച്ചു.
എല്ലാ യാത്രികരും മകന് തിരികെ വിളിച്ചു എന്നതും,അമ്മയെ ബസ്സ് സ്റ്റാന്‍ഡില്‍ വന്ന് കൂട്ടി കൊണ്ടുപോകുമെന്ന വാര്‍ത്ത ആശ്വാസത്തോടെയാണ് കേട്ടത്.
ഇടക്കെപ്പോഴേ വിവരങ്ങള്‍ കൃത്യമായി പറയുവാന്‍ പറഞ്ഞപ്പോള്‍ ആ അമ്മയോട് പറഞ്ഞു.
തനിച്ചാക്കി എങ്ങും പോകില്ല കാരണം ഇതുപോലെ പൊന്നുപോലത്തെ ഒരു ഉമ്മ എന്റെ വീട്ടിലും ഉണ്ട്. വീട്ടിലേക്ക് വരുന്നോ എന്നും ചോദിച്ചു.
ബസ്സ് എര്‍ണ്ണാകുളത്ത് പോകുന്നതിനിടയില്‍ മകനും ഞാനും പരസ്പരം വിളിക്കുന്നുണ്ടായിരുന്നു. ബസ്സ് സ്റ്റേഷനില്‍ എത്തിയശേഷം മറ്റെല്ലാ യാത്രികരും ഇറങ്ങി.
സമയം വൈകിട്ട് 5.45. ബസ്സ് അടുത്ത ട്രിപ്പിനായി ബോര്‍ഡ് വെച്ച് പിടിച്ചു. ഡ്രൈവറോട് വിവരങ്ങള്‍ പറയുന്നുണ്ടായിരുന്നു. മകന് ഇപ്പോള്‍ എത്തുമെന്നും പറഞ്ഞു.
ഫോണില്‍ മകനെ വിളിച്ചപ്പോള്‍ അദ്ദേഹം സ്റ്റാന്‍ഡില്‍ തന്നെയുണ്ടായിരുന്നു.ഞങ്ങളുടെ അരികിലേക്ക് വന്നു. അമ്മയുടെ കൈകള്‍ പിടിച്ച് മകനെ ഏല്‍പ്പിച്ച ശേഷം പറഞ്ഞു.
“നഷ്ടപ്പെടുത്തുവാന്‍ എളുപ്പമാണ്, കണ്ണുളളപ്പോള്‍ കണ്ണിന്റെ കാഴ്ച്ച അറിയില്ല.” അമ്മയെ നോക്കണേ എന്ന് പറഞ്ഞു അത് പറമുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അമ്മ നാട്ടിലേക്ക് പോയതാണ് എന്നും പറഞ്ഞു. ഇപ്രകാരം ഒരു ഇടപെടല്‍ നടത്തിയില്ലായെങ്കില്‍ ഒരു പക്ഷേ, ആ അമ്മയെ മകന് നഷ്ടമാകുമായിരുന്നില്ലേ എന്ന് ഓര്‍മ്മപ്പെടുത്തലും നടത്തിയിരുന്നു.
അമ്മ ഒന്നും കഴിച്ചിട്ടില്ല എന്നും, ഇടക്ക് ഛര്‍ദ്ദിച്ചിരുന്നു എന്നും ,ഷുഗര്‍ പേഷ്യന്റായതിനാല്‍ ശ്രദ്ധിക്കണമെന്നും,ഭക്ഷണം എന്തെങ്കിലും വാങ്ങി കൊടുത്തിട്ട് പോകണമെന്നും മകനോട് പറഞ്ഞു.
അടുത്ത ട്രിപ്പ് എര്‍ണ്ണാകുളത്ത് നിന്നും എടത്വക്ക് തിരിച്ച് ഇടക്ക് എപ്പോഴോ മകന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.വീട് എത്താറായി എന്ന് മകന് പറഞ്ഞു.
നമ്മള് ജീവിതത്തില്‍ യാത്രകള്‍ നടത്താറുണ്ട്. പക്ഷേ, ആ യാത്രകള്‍ അര്‍ത്ഥവത്താകുന്നത് ഇതുപോലെയുളള അനുഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ.
KSRC സര്‍വ്വീസ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവമായി അമ്മയുടെ മുഖം മാറി ……