ആലുവ: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് മോഷണം പോയി.
ഇന്നു രാവിലെ ഒമ്പതുമണിയോടെ ആലുവ സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് പിന്നീട് കലൂർ ഭാഗത്തുനിന്നും കണ്ടെത്തി.
രാവിലെ ബസ് ഒരാൾ ഓടിച്ച് സ്റ്റാൻഡിന് പുറത്തേക്ക് പോകുന്നത് മറ്റു ജീവനക്കാർ കണ്ടിരുന്നു.
ടെസ്റ്റിനായി മെക്കാനിക്ക് കൊണ്ടു പോകുന്നതാണെന്നാണ് ഇവർ കരുതിയത്. ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു വച്ച് ബസ് മറ്റൊരു വാഹനവുമായി അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ ബസ് നിർത്താതെ പോയി.
അപകടത്തിൽപ്പെട്ട വാഹനത്തിലുള്ളവർ പോലീസിൽ പരാതിപെട്ടപ്പോഴാണ് കെഎസ്ആർടിസി ഡിപ്പോയിൽ ബസ് മോഷണം പോയ വിവരം അറിയുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കലൂരിൽ നിന്നും ബസ് കണ്ടെത്തുകയായിരുന്നു. ആലുവ ഈസ്റ്റ് പോലീസ് തുടർ നടപടികൾ ആരംഭിച്ചു.
ഉച്ചയ്ക്ക് ആലുവ കോഴിക്കോട് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചയാളാണ് ബസുമായി കടന്നത്.