കോട്ടയം: കെഎസ്ആർടിസി ബസ്സ്റ്റാൻഡുകളിൽ കിടക്കുന്ന പഴയ ബസുകൾ ടീ ഷോപ്പും മിൽമ ബൂത്തും പലഹാരക്കടയും റസ്റ്ററന്റുകളുമായി മാറുന്നു.
വരുമാന വർധനവിന്റെ ഭാഗമായിട്ടാണ് പഴയ ബസുകൾ ഇങ്ങനെ വാടകയ്ക്കു നൽകുന്നത്. കോട്ടയം കെഎസ്ആർടിസി ഡിപ്പോയിൽ അടുത്തമാസം ബസിൽ റസ്റ്ററന്റ് തുടങ്ങും.
പഴക്കം ചെന്ന് ഓട്ടം നിറുത്തിയ ബസ് പ്രത്യേകമായി സജ്ജീകരിച്ചാണ് ടീ ഷോപ്പും പലഹാരക്കടയും തുറക്കുന്നത്.
രണ്ടു ലക്ഷം രൂപ കെഎസ്ആർടിസിയിൽ കെട്ടിവച്ച് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കാണ് സ്വകാര്യ വ്യക്തികൾക്ക് ഇത്തരത്തിൽ വ്യാപാരത്തിനു പഴയ ബസുകൾ കരാർപ്രകാരം വിട്ടുനൽകുക.
15 വർഷം പഴക്കം ചെന്ന ബസുകൾ പൊളിച്ചു മാറ്റുന്പോൾ അതിൽ ഓട്ടത്തിനു പാകമായവ വിവിധ ഡിപ്പോകളിൽ കടകൾക്കു നൽകി വരുമാനമുണ്ടാക്കും.
ഫ്രീസർ സംവിധാനത്തോടെ മീൻ കടകൾ, സ്റ്റേഷനറി, നോട്ട് ബുക്കുകൾ, വസ്ത്രവ്യാപാരം, അലങ്കാരസാധനങ്ങൾ എന്നിവയ്ക്കൊക്കെ ബസുകൾ നൽകാനാണ് ആലോചന.
ഡിപ്പോയുടെ നിയന്ത്രണത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ബസുകൾ പാർക്ക് ചെയ്തു വ്യാപാരം നടത്തി അതതുദിവസം തിരികെ ഏൽപ്പിക്കുകയും ചെയ്യാൻ അനുവദിക്കും. തട്ടുകട ആവശ്യങ്ങൾക്കും പഴയ ബസുകൾ നൽകുന്നത് പരിഗണനയിലാണ്.
ജില്ലയിലെ വിവിധ ഡിപ്പോകളിൽ അധികമായുണ്ടായിരുന്ന 117 ബസുകൾ തിരികെ എടുത്ത് റീജണൽ വർക്ക് ഷോപ്പുകളിലേക്കു മാറ്റിയിരുന്നു.
മാവേലിക്കര, എടപ്പാൾ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് അധിക ബസുകൾ മാറ്റിയതോടെ പല ഡിപ്പോകളിലും കൂടുതലായി സ്ഥല സൗകര്യം ലഭിച്ചിട്ടുണ്ട്.
സൗകര്യമനുസരിച്ച് ഈ സ്ഥലങ്ങളിൽ പഴയ ബസുകളിൽ വ്യാപാരം നടത്താനുള്ള ആലോചനയിലാണ് അധികൃതകർ. കുറഞ്ഞത് അഞ്ചു ബസുകൾ ഇത്തരത്തിൽ പാർക്ക് ചെയ്തു വ്യാപാരം നടത്താനുള്ള സൗകര്യം പ്രധാന ഡിപ്പോകളിൽ ഉറപ്പാക്കും.
പൊൻകുന്നം, എരുമേലി തുടങ്ങി ടൗണിൽനിന്നു മാറിയുള്ള ഡിപ്പോകളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബസുകൾ എത്തിച്ച് വ്യാപാരം നടത്തുന്നതിന് അനുമതി നൽകിയേക്കും.