ചാത്തന്നൂർ: ജോലി ചെയ്താൽ സമയത്ത് ശമ്പളമില്ലെങ്കിലും കെഎസ്ആർടിസിയിൽ ശിക്ഷാ നടപടികൾക്ക് ഒട്ടും കാലതാമസമില്ല.
പ്രത്യേകിച്ചും ഭരണപക്ഷ അംഗീകൃത യൂണിയനിൽപ്പെട്ടവരല്ലെങ്കിൽ ഒരു മയവുമില്ല. വനിതാ ജീവനക്കാരും ശിക്ഷയുടെ കയ്പ് നീര് കുടിച്ചേ പറ്റു.
ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തതിനെതിരെ പ്രതികരിച്ച വനിതാ കണ്ടക്ടർക്ക് കൈയോടെ ശിക്ഷയും ലഭിച്ചു.
ശമ്പളം വൈകുന്നതിൽ പ്രതികരിച്ച് ഗതാഗത വകുപ്പുമന്ത്രിയ്ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ കമന്റിട്ട തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടർ രേഖ അന്തിക്കാടിനെയാണ് ശിക്ഷാ നടപടിയുടെ ഭാഗമായി ചാത്തന്നൂർ ഡിപ്പോയിലേയ്ക്ക് സ്ഥലം മാറ്റിയത്.
രേഖ അന്തിക്കാട് കെഎസ്ആർടിസിയിലെ എംപ്ലോയീസ് യൂണിയനി (എഐടിയുസി ) ലെ അംഗമാണ്.
വനിതാ ജീവനക്കാരോട് പോലും മാനേജ്മെന്റ് നിർദയമാണ് ശിക്ഷ നടപടികൾ സ്വീകരിക്കുന്നതെന്ന് എംപ്ലോയീസ് യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു.