തൊടുപുഴ: വനപാതയിൽ അപകടത്തിൽപെട്ട കുടുംബത്തിനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിൽസ ഉറപ്പാക്കിയാണ് ഇവർ കരുണയുടെ കാവലാളായത്.
തൊടുപുഴ കെ എസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഇടവെട്ടി മാർത്തോമ തൊട്ടിപ്പറന്പിൽ ടി.എസ്. അബ്ദുൾ ലത്തീഫും കണ്ടക്ടർ മടക്കത്താനം വാണിയപ്പുരയിൽ വി.എസ്. ബഷീറുമാണ് തൊടുപുഴ – ഇടുക്കി റോഡിൽ പാറമടയ്ക്കും മീൻമുട്ടിക്കും ഇടയിൽ കുടയുരുട്ടി വനമേഖലയിൽ അപകടത്തിൽപെട്ട കാറിലെ യാത്രക്കാർക്ക് തുണയായത്. മനസമ്മതത്തിനായി ഈട്ടിത്തോപ്പിലേക്ക് പോകുകയായിരുന്ന വധുവും സംഘവുമാണു കാറിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. ഭരണങ്ങാനം മേലന്പാറ വലിയപറന്പിൽ ബാബു തോമസും കുടുംബവുമാണ് അപകടത്തിൽപെട്ടത്.
മകൾ സ്നേഹയുടെ മനസമ്മതത്തിനായി ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിലേക്ക് കാറിൽ പോകുംവഴി ടയർ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിൽ വട്ടംതിരിഞ്ഞ കാർ തിട്ടയിൽ ശക്തിയായി ഇടിച്ചുനിന്നു.
ഈ സമയത്താണ് തൊടുപുഴയിൽനിന്നു കട്ടപ്പനയിലേക്കു സർവീസ് പോകുകയായിരുന്ന കെ എസ്ആർടിസി ബസ് എത്തിയത്. പാറമടയ്ക്കു സമീപം ഈ കാർ കെ എസ്ആർടിസി ബസിനെ മറികടന്നു പോയിരുന്നു.
കാർ അപകടത്തിൽപെട്ടു കിടക്കുന്നതുകണ്ട് ബസ് നിർത്തി ലത്തീഫും ബഷീറും ബസിലെ യാത്രക്കാരുടെ സഹായത്തോടെ കാറിനുള്ളിൽ കുടുങ്ങിക്കിടന്ന ആറുപേരെയും പുറത്തെത്തിക്കുകയായിരുന്നു. മറ്റു വാഹനയാത്രക്കാരും ഇതുവഴി എത്തിയെങ്കിലും കോവിഡ് ഭീതിമൂലം ആരും ഇവരെ സഹായിക്കാൻ മുന്നോട്ടു വന്നില്ല.
ബസിൽതന്നെ എല്ലാവരെയും ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ചു. പരിക്കേറ്റവരെ ബസിൽ ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വിവരം ആശുപത്രി അധികൃതരെ ഇവർ മുൻകൂട്ടി അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തിൽ സ്നേഹയുടെ തോളെല്ല് പൊട്ടി.
ബാക്കിയുള്ളവർക്കു ചെറിയ പരിക്കേറ്റു. ബാബുവിന്റെ ഭാര്യ വത്സമ്മ, ഇളയ മകൾ സെന്ന, ബാബുവിന്റെ മൂത്ത സഹോദരന്റെ ഭാര്യ ത്രേസ്യാമ്മ, വത്സമ്മയുടെ സഹോദരി ബിൻസി, ഡ്രൈവർ ജോബി എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാർ. സ്നേഹയുടെ മനസമ്മതം അന്നേദിവസം ഉച്ചകഴിഞ്ഞു തന്നെ നടത്തി.