തുറവൂർ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മോഡലിൽ കള്ളുഷാപ്പ് നിർമിച്ചിരിക്കുന്നത് വിവാദമാകുന്നു.
ജനങ്ങളെ ആകർഷിക്കാൻ കള്ളുഷാപ്പുകൾ പലതരം സംവിധാനങ്ങൾ ചെയ്യാറുണ്ട്.
ഫാമിലി കള്ളുഷാപ്പ്, വഞ്ചിയിൽ കള്ളുഷാപ്പ്, ഹട്ടിൽ കള്ളുഷാപ്പ്, ഹൗസ് ബോട്ടിൽ ഷാപ്പ്, കപ്പലിൽ കള്ളുഷാപ്പ് തുടങ്ങിയ വിവിധ രൂപത്തിലും ഭാവത്തിലും ഭംഗിയിലും കള്ളുഷാപ്പുകൾ നിർമിക്കാറുണ്ട്.
എന്നാൽ, ഇവിടെ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മോഡലിൽ കള്ളുഷാപ്പ് ഉണ്ടാക്കിയിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്.
പള്ളിത്തോട് – ചാവടി റോഡിന്റെ വശത്തായി പള്ളിക്കച്ചിറയിൽ പാടശേഖരത്തിനു നടുക്കായി പ്രവർത്തിക്കുന്ന കള്ളുഷാപ്പാണ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ മോഡലിലും അതേ കളർ പെയിന്റിന്റെ ഡിസൈനിലും പണിതിരിക്കുന്നത്.
പഴയ ബസുകൾ ക്ലാസുമുറികൾക്കും റസ്റ്ററന്റുകൾ തുടങ്ങിയവയ്ക്കായി വിട്ടുനൽകുമെന്നുള്ള പ്രഖ്യാപനം കേട്ട ജനം സർക്കാർ ബസ് കള്ളുഷാപ്പിനായി വിട്ടുനൽകിയതാണോ എന്ന സംശയത്തിലാണ്.
മുമ്പ് ഇവിടെ ഹൗസ് ബോട്ട് മോഡലിലാണ് ഷാപ്പ് പണിതിരുന്നത്. ഇത് നവമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും വലിയ തരംഗമായിരുന്നു.
കെഎസ്ആർടിസി ബസിനു മാത്രം ഉപയോഗിക്കുന്നതിന് അനുവദിച്ചിട്ടുള്ള ഡിസൈനാണ് കള്ളുഷാപ്പിനും ഉപയോഗിച്ചിട്ടുള്ളത്.
ജീവനക്കാരുടെ മോശമായ പെരുമാറ്റം മൂലം പൊതുജനത്തിന്റെ മുമ്പിൽ അപമാനിതമായി നിൽക്കുമ്പോഴാണ് കെഎസ് ആർടിസി ബസിനെ കള്ളുഷാപ്പാക്കി മാറ്റി ചിത്രീകരിച്ചിരിക്കുന്നത്.
മിക്കവാറും പടി വാങ്ങനായി കള്ളുഷാപ്പുകളിൽ സന്ദർശനം നടത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരും ഈ നിയമലംഘനം കണ്ടില്ലെന്നു നടിക്കുകയാണ്.
എന്തായാലും കെഎസ്ആർടിസി ബസ് മോഡലിലെ കള്ളുഷാപ്പിൽ കയറാനും സെൽഫി എടുക്കാനും അൽപ്പം മിനുങ്ങാനും മറ്റും യുവാക്കളുടേയും മറ്റും നല്ല തിരക്കാണ്.