കോഴിക്കോട്: അറിവ് പകർന്നുനൽകുന്നവർ എന്നാണ് അധ്യാപകരുടെ നിർവചനം. വിദ്യാർഥികളെ നേർവഴിക്കു നടത്തേണ്ടവർ, മാതൃകയാകേണ്ടവർ, അച്ചടക്കം പഠിപ്പിക്കേണ്ടവർ എന്നിങ്ങനെ അർഥങ്ങൾ പലതുണ്ട് അധ്യാപകർക്ക്. എന്നാൽ വിദ്യാർഥികൾക്ക് തെറ്റായ സന്ദേശം മാത്രം നൽകുന്നവരെ എന്ത് വിളിക്കണമെന്ന് കോഴിക്കോട്ടുകാർ ഇപ്പോൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.
കാര്യം മറ്റൊന്നുമല്ല, സ്വന്തം ആവശ്യത്തനായി എന്തു വൃത്തികേടും ചെയ്യാമെന്ന സന്ദേശമാണ് കോഴിക്കോട്ടെ ചില അധ്യാപകർ ഇപ്പോൾ വിദ്യാർഥികൾക്ക് നൽകുന്നത്. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പരിപാടിയുടെ പ്രചാരണത്തിനായി വിദ്യാർഥികളുടെ കലാസൃഷ്ടി പോലും മായ്ച്ചു കളഞ്ഞിരിക്കുകയാണ് ഇവർ.
കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി കഴിഞ്ഞ വർഷം വിദ്യാർഥികൾ ചിത്രം വരച്ച് മനോഹരമാക്കിയ റെയിൽവേ സ്റ്റേഷന് സമീപത്തെ മതിലാണ് കെഎസ്ടിഎ എന്ന അധ്യാപക സംഘടന വൃത്തികേടാക്കിയത്. റെയിൽവേ സ്റ്റേഷനുസമീപം ഒന്നാം മേൽപ്പാലത്തിന് സമീപമുള്ള മതിലിലെ വിദ്യാർഥികളുടെ കലാസൃഷ്ടിക്ക് മുകളിലൂടെയാണ് കെഎസ്ടിഎ ചുമരെഴുത്ത് നടത്തിയത്.
19 മുതൽ 21 വരെ കോഴിക്കോട്ട് നടക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിന്റെ പ്രചാരണത്തിനായാണ് കെഎസ്ടിഎയുടെ നേതൃത്വത്തിൽ ചുമരിലെ ചിത്രങ്ങൾ മായ്ച്ചത്. കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി ഏറെ പണിപ്പെട്ടാണ് വിദ്യാർഥികൾ ഈ ചുമരുകൾ വൃത്തിയാക്കിയതും സ്വന്തം കലാസൃഷ്ടികൾ ചുമരിൽ കോറിയിട്ടതും.
വിദ്യാർഥികൾ നിറം പകർന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം വരെ ആരും നശിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇവിടെ ചിലർ വന്ന് വൈറ്റ് സിമന്റ് അടിച്ചതും തുടർന്ന് ചുമരെഴുത്ത് നടത്തിയതും. കംപാഷനേറ്റ് കോഴിക്കോടിന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ ഇതിനോടകം തന്നെ വിദ്യാർഥികൾ ചിത്രം വരച്ച് മനോഹരമാക്കിയിരുന്നു.
അരയിടത്ത്പാലത്തിന്റെ തൂണുകൾ, സിഎച്ച് ഓവർബ്രിഡ്ജിന്റെ തൂണുകൾ, മാനാഞ്ചിറ സബ് ട്രഷറി ഓഫീസിന്റെ മതിലുകൾ, ഡിഡിഇ ഓഫീസിന്റെ മതിലുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിദ്യാർഥികൾ ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നത്.
വിദ്യാർഥികൾ ചിത്രം വരച്ച മതിലിനുമുകളിൽ പോസ്റ്റർ പതിക്കുകയോ, മറ്റു പരസ്യങ്ങൾ എഴുതുകയോ ചെയ്യരുതെന്ന് കളക്ടർ നേരത്തെ അറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം നിസാരവത്ക്കരിച്ചാണ് ഒരു അധ്യാപക സംഘടന തന്നെ വിദ്യാർഥികളുടെ കലാവാസന നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിന് മുതിർന്നതെന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്.