ചേർത്തല : പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ എത്തിയ കെഎസ്് യു പ്രവർത്തകർ ചേർത്തല ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ അക്രമം നടത്തി. സ്കൂളിനുള്ളിൽ അതിക്രമിച്ച് കടന്നവർ പ്രിൻസിപ്പലിന്റെ കൈയേറ്റം ചെയ്തു. ഓഫീസ് ഉപകരണങ്ങളും മറ്റും അടിച്ചുതകർത്തു.
ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും കെഎസ് യു അതിക്രമംകാട്ടി. ജില്ലയിൽ കെഎസ്് യു പ്രവർത്തകരെ എസ്എഫ്ഐയും പോലീസും ചേർന്ന് ആക്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പഠിപ്പുമുടക്ക്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അതിക്രമം കാട്ടിയവർ അണ്‍എയ്ഡഡ് സ്ഥാപനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിച്ചില്ല.
ബുധനാഴ്ച രാവിലെയാണ് പുറത്തുനിന്ന് എത്തിയ കഐസ്യുക്കാർ ചേർത്തലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിൽ അതിക്രമം കാട്ടിയത്. താലൂക്കിൽ വിവിധയിടങ്ങളിൽനിന്ന് നഗരത്തിൽ കേന്ദ്രീകരിച്ചവർ ആസൂത്രിത ആക്രമണമാണ് നടത്തിയത്. ഹയർസെക്കൻഡറി ബ്ലോക്കിൽ എത്തിയ സംഘം പൊടുന്നനെ ക്ലാസ്മുറികളിൽ കയറി കുട്ടികളെ ഭയപ്പെടുത്തി പുറത്താക്കി. അസഭ്യംവിളിച്ചും ഭീഷണിമുഴക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചവർ ബെഞ്ചും ഡെസ്കും തകർത്തു.
ശേഷം ഓഫീസിൽ പ്രവേശിച്ച് അധ്യാപകരെ അസഭ്യംവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപകരണങ്ങൾ തല്ലിതകർത്തവർ കസേരകൾ വലിച്ചെറിഞ്ഞു. പ്രിൻസിപ്പലിന്റെ കഴുത്തിന് പിടിക്കുകയും തള്ളുകയും ഓഫീസിന്റെ ജനാലച്ചില്ലുകൾ അടിച്ചുടയ്ക്കുകയും ചെയ്തു. മൈക്ക്സെറ്റും തകർത്തു. കുട്ടികൾക്ക് ഉപയോഗിക്കാൻ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ടെലിഫോണും അടിച്ചുതകർത്തു. പ്രിൻസിപ്പലിന്റെ നെയിംബോർഡും തകർത്തു. അധ്യാപികമാരെ കേട്ടാലറയ്ക്കുന്ന തരത്തിലാണ് ചീത്തവിളിച്ചതും ഭീഷണിപ്പെടുത്തിയതും.
അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും ചേർന്ന് അക്രമികളിൽ ഏഴുപേരെ പിടികൂടി പോലീസിന് കൈമാറി. പോലീസ് എത്തിയപ്പോൾ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. ചേർത്തല ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെത്തിയ ഇതേസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബലംപ്രയോഗിച്ച് കുട്ടികളെ ഇറക്കിവിടുകയും ചെയ്തു. പെണ്‍കുട്ടികൾ ഭയപ്പെട്ട് കരഞ്ഞുകൊണ്ടാണ് ക്ലാസ്മുറികളിൽ നിന്നിറങ്ങിയത്. കെഎസ്് യു ജില്ലാനേതാവിന്റെ നേതൃത്വത്തിലായിരുന്നു അക്രമിസംഘം. ഇയാൾ പോലീസെത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു.
20 പേർക്കെതിരേ കേസ്; 7 പേർ പിടിയിൽ
ചേർത്തല : ഹോളിഫാമിലി ഹയർസെക്കൻഡറി സ്കൂൾ അടിച്ചുതകർത്ത സംഭവത്തിൽ 20 പേർക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് പേർ അറസ്റ്റിലായി. തണ്ണീർമുക്കം പഞ്ചായത്ത് 18ാം വാർഡിൽ ശാരദാലയത്തിൽ അനന്തകൃഷ്ണൻ (19), ചേർത്തല മുനിസിപ്പൽ 26ാം വാർഡിൽ മുള്ളൻചിറ ലിജോ സെബാസ്റ്റിയൻ(20), വെച്ചൂർ കോതകാപ്പള്ളി അബിൻ(19), തിരുനല്ലൂർ കൊങ്ങിണിശേരി കണ്ണൻ(19), മുനിസിപ്പൽ 30ാം വാർഡിൽ ചിറമേൽ സച്ചിൻ(19), ചേർത്തല അറയ്ക്കൽവെളി ജുവൽ(18) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.