മാള: ഹോളിഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോൽസവത്തിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ. കെഎസ്യു ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സംസ്ഥാന ട്രഷറർ സച്ചിൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സുദേവ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
കെഎസ് യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിൽ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരുടെ പരാതി. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരേ കേസെടുത്തിട്ടുണ്ട്.അതേസമയം, കലോത്സവം അലങ്കോലമാക്കാൻ എസ്എഫ്ഐ പ്രവർത്തകർ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നെന്ന് കാലിക്കറ്റ് സർവകലാശാല യൂണിയൻ ആരോപിച്ചു.
കഴിഞ്ഞ എട്ടു വർഷമായി കൈവശം വച്ചുവന്നിരുന്ന യൂണിയൻ നഷ്ടമായതിന്റെ പകപോക്കലാണ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെ എസ്എഫ്ഐ നടത്തിയത് എന്നാണ് ഇവർ ആരോപിക്കുന്നത്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ എല്ലാ കാര്യങ്ങളിലും കുറ്റപ്പെടുത്തി അനാവശ്യ ചർച്ചകളും സംഘർഷങ്ങളും ഉണ്ടാക്കുകയായിരുന്നു എസ്എഫ്ഐ എന്ന് സർവകലാശാല യൂണിയൻ ചെയർപേഴ്സൺ നിതിൻ ഫാത്തിമ പറഞ്ഞു.
അതേസമയം തങ്ങളെ വളഞ്ഞിട്ട് ഇരുമ്പ് ദണ്ഡ്, മുള വടി ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു കെഎസ്യു പ്രവർത്തകർ എന്ന് എസ്എഫ്ഐ ആരോപിച്ചു വിവരങ്ങൾ കാണിച്ച് ഇരുകൂട്ടരും പോലീസിൽ പരാതിപ്പെടുകയും പോലീസ് കേസെടുക്കുകയും ഉണ്ടായിട്ടുണ്ട്.
പോലീസ് സംരക്ഷണയിൽ മത്സരങ്ങൾ നടത്തും
മാള: അനാവശ്യ രാഷ്ട്രീയ ഈഗോയുടെ പേരിൽ വിദ്യാർഥികളുടെ അവസരം നഷ്ടപ്പെടുത്തി പ്രശ്നങ്ങൾ ഉണ്ടാക്കി കലോത്സവം നിർത്തിവയ്പ്പിച്ച നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നും തുടർന്ന് പോലീസ് സംരക്ഷണയിൽ കലോത്സവം പുനരാരംഭിക്കുമെന്നും കാലിക്കറ്റ് സർവകലാശാല യൂണിയൻ.
ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഉടനെ പൂർത്തീകരിക്കും. പത്തിലധികം മത്സരങ്ങൾ അവശേഷിക്കയാണ് കലോത്സവം കൈയാങ്കളിയിലേക്കെത്തിയത്.