വടക്കഞ്ചേരി: വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുന്ന ബസുകൾ തടഞ്ഞ് ജീവനക്കാർക്ക് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ താക്കീതു നല്കി. ഇന്നലെ രാവിലെ വടക്കഞ്ചേരി ടൗണിൽ ചെറുപുഷ്പം സ്റ്റോപ്പിലും ആരതി സ്റ്റോപ്പിലുമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാർഡിനെ കബളിപ്പിച്ച് വിദ്യാർഥികളെ ഏറെനേരം വഴിയോരത്ത് നിർത്തുന്ന ബസ് ജീവനക്കാരെയും പ്രവർത്തകർ താക്കീതു ചെയ്തു വിട്ടു. മഴയായാലും വെയിലായാലും ബസുകാരുടെ ഈ അഭ്യാസം നിത്യസംഭവമാണ്. ഹോംഗാർഡ് ഇടപെട്ട് വിദ്യാർഥികളെ കയറ്റിയാൽ ബസിൽ വച്ച് വിദ്യാർഥികളോട് അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും വഴിയിൽ ഇറക്കിവിടുന്ന സംഭവങ്ങളുമുണ്ട്.
തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം ബസുകളിലാണ് കൂടുതലായി വിദ്യാർഥികളെ നെട്ടോട്ടമോടിക്കുന്നത്. മറ്റു യാത്രക്കാർ ഇടപെട്ട് വിദ്യാർഥികളെ കയറ്റിയാൽ ഇറങ്ങേണ്ട സ്റ്റോപ്പുവരെ വിദ്യാർഥികളോട് മോശമായി പെരുമാറുകയും അവരെ മാനസികമായി വേദനിപ്പിച്ച് പിറ്റേദിവസം ബസിൽ വരാത്ത വിധമാക്കുന്ന തന്ത്രങ്ങളും നടത്തുന്നതായി വിദ്യാർഥികൾ പറഞ്ഞു.
ഇത്തരം ജീവനക്കാരെ ഒഴിവാക്കി യാത്ര സുഗമമാക്കണമെന്നാണ് മറ്റു യാത്രക്കാരുടെയും ആവശ്യം. യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപ്, ജയപ്രകാശ്, രാധാകൃഷ്ണൻ, രാജീവ്, ബിജു, പ്രമോദ്, നിർഷാദ്, അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികൾ.