തൃശൂർ: കേരളവർമയിലെ വോട്ടെണ്ണൽ അട്ടിമറി സംഭവത്തിൽ പത്തു ചോദ്യങ്ങൾ ഉന്നയിച്ച് കെഎസ്യു.ചോദ്യം ഒന്ന്: രാത്രി ഏറെ വൈകിയും കൗണ്ടിംഗ് തുടരാൻ മാനേജർ പ്രിൻസിപ്പലിനെ വിളിച്ചുപറഞ്ഞത് എന്തിന്?
രണ്ട്: കോളജിലെ ജനറേറ്റർ സംവിധാനം എങ്ങനെ വോട്ടേൽ നേരം തകരാറിലായി? മൂന്ന്: പവർകട്ടിനിടയിൽ എന്തുകൊണ്ട് വോട്ടെണ്ണൽ നിർത്തിവച്ചില്ല? നാല്: കൗണ്ടിംഗുമായി ബന്ധപ്പെട്ട കഎസ്യു സ്ഥാനാർഥിയുടെ പരാതി റിട്ടേണിംഗ് ഓഫീസർ അവഗണിച്ചത് എന്തുകൊണ്ട്?
അഞ്ച്: കൗണ്ടിംഗ് നിർത്തിവയ്ക്കണമെന്ന പ്രിൻസിപ്പലിന്റെ ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് എന്തിന്? ആറ്: ആദ്യ കൗണ്ടിംഗിൽ അസാധുവാക്കപ്പെട്ട വോട്ടുകൾ പിന്നീട് എങ്ങനെയാണ് സാധുവായത്? ഏഴ്: ആദ്യ കൗണ്ടിംഗിൽ ഒരു വോട്ടിന് വിജയിച്ചെന്ന് അവകാശപ്പെട്ട എസ്എഫ്ഐ എന്തിന് കൗണ്ടിംഗ് ആവശ്യപ്പെട്ടു?
എട്ട്: തോൽവി മുന്നിൽ കാണുന്നത് കൊണ്ടാണോ എസ്എഫ്ഐ റീ ഇലക്ഷനെ ഭയപ്പെടുന്നത്? ഒന്പത്: വിവാദങ്ങൾ കത്തിനിൽക്കുമ്പോഴും എസ്എഫ്ഐ ധൃതി പിടിച്ചു സത്വപ്രതിജ്ഞ നടത്താൻ തീരുമാനിച്ചത് എന്തുകൊണ്ട്? പത്ത് ഭരണപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎയുടെ ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്തുകൊണ്ട് പരിശോധിക്കപ്പെടുന്നില്ല?
എന്നിങ്ങനെ അട്ടിമറി സാഹചര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് കെഎസ്യു ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യങ്ങൾ ഉന്നയിച്ചത്. ഇൗ ചോദ്യങ്ങൾക്ക് എസ്എഫ്ഐക്കു മറുപടിയുണ്ടോയെന്നും വെല്ലുവിളിക്കുന്നു. അട്ടിമറിക്കെതിരെ കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥി ശ്രീകുട്ടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
ശ്രീകുട്ടനു പിന്തുണയുമായി ഡിഫറന്റിലി ഏബിൾഡ് പിപ്പിൾസ് കോൺഗ്രസ്
തൃശൂർ: അഴിമതിക്കും അക്രമത്തിനും നേതൃത്വം കൊടുക്കുന്ന സഖാക്കളുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീകുട്ടനെ തോൽപ്പിക്കാൻ ഇരുട്ടിനെ ആയുധമാക്കിയ ശ്രീ കേരള വർമ കോളജിലെ അധ്യാപകരുടെ ചെയ്തികൾക്കെതിരെ ഡിഫറന്റിലി ഏബിൾഡ് പിപ്പിൾസ് കോൺഗ്രസ് പ്രതിഷേധിച്ചു.
ഭിന്നശേഷിക്കാരനായതുകൊണ്ട് ഒറ്റപ്പെടുത്തുന്ന ശ്രീകുട്ടനു പൂർണ പിന്തുണ കൊടുക്കാനും സംസ്ഥാന ഭിന്നശേഷി കമ്മീഷണർക്കു പരാതി കൊടുക്കാനും തീരുമാനിച്ചു. നടപടി സ്വീകരിച്ചില്ലെങ്കിൽ കോളജിനു മുൻപിൽ പ്രതിഷേധ സമരം നടത്താനും തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പോൾ പുല്ലോക്കാരൻ അധ്യക്ഷത വഹിച്ചു. പി.എസ്. സതീശൻ, സുധീർ ഉലവാൻ എന്നിവർ പ്രസംഗിച്ചു.