പയ്യന്നൂർ: പയ്യന്നൂർ കോളജിൽ1965 മുതൽ 2018 വരെയുള്ള കാലയളവിൽ പ്രവർത്തിച്ച കെഎസ്യു പ്രവർത്തകരുടെ മഹാസംഗമം നവംബർ 18ന് വിവിധ പരിപാടികളോടെ പയ്യന്നൂരിൽ നടക്കും. സംഗമത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ വിദ്യാർഥി സംഘടനകളുടെ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു “ഫാസിസം-കലാലയങ്ങൾക്ക് അകത്തോ, പുറത്തോ’ എന്ന വിഷയത്തിൽ പയ്യന്നൂർ ടൗൺ സ്ക്വയറിൽ നവംബർ ആദ്യവാരം സെമിനാർ നടത്തും.
നവംബർ 18ന് രാവിലെ പയ്യന്നൂർ കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം കോളജിലെ പൂർവവിദ്യാർഥിയും എഐസിസി പ്രവർത്തക സമിതി അംഗവുമായ കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എംപി മുഖ്യപ്രഭാഷണം നടത്തും.
ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പങ്കെടുക്കും. തുടർന്നു വിദ്യാർഥി-പൂർവവിദ്യാർഥി കുടുംബസംഗമം നടക്കും. ചടങ്ങിൽ പഴയകാല കെഎസ്യു പ്രവർത്തകരെയും കലാ-സാംസ്കാരിക-കായിക രംഗത്തു മികവ് പുലർത്തിയ കെഎസ്യു പ്രവർത്തകരെയും ആദരിക്കും. പരിപാടിയുമായി ബന്ധപ്പെട്ടു കെഎസ്യുവിന്റെ ചരിത്രവും പഴയകാല പ്രവർത്തകരുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തിയുള്ള സ്മരണിക പ്രകാശിപ്പിക്കും. തുടർന്നു കലാസന്ധ്യ അരങ്ങേറും.
പ്രവർത്തക കൺവൻഷനിൽ കെ.പി. രാജേന്ദ്രകുമാർ അധ്യക്ഷ വഹിച്ചു. കെപിസിസി സെക്രട്ടറി വി.എ. നാരായണൻ, കെപിസിസി എക്സിക്യുട്ടീവ് മെന്പർമാരായ സജീവ് മാറോളി, എം.പി. മുരളി, കെ.എം. ഭാസ്കരൻ, സംഗമം രക്ഷാധികാരി കെ.കെ. വേണു, സി. പ്രകാശ് ബാബു, കെ.പി. സതീശൻ എന്നിവർ പ്രസംഗിച്ചു. പഴയകാല പ്രവർത്തകർ സി.പ്രകാശ്ബാബു-9946665173, കെ.പി.സതീശൻ-9947388152 എന്നിവരുമായി ബന്ധപ്പെടണമെന്നു സംഘാടകർ അറിയിച്ചു.