പുനലൂർ: അധ്യയന വർഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിദ്യാലയങ്ങളിൽ സൗജന്യ യൂണിഫോം വിതരണം ചെയ്യാത്തതിൽഅഴിമതി ഉണ്ടെന്ന് കെഎസ് യു പുനലൂർ മണ്ഡലം പ്രസിഡൻറ് അഫ്സൽ മുഹമ്മദ് ആരോപിച്ചു. ഈ അധ്യയന വർഷത്തിനു് ഒരു മാസം മുൻപു തന്നെ ഹെഡ്മാസ്റ്റർമാരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരുന്നു.
ഒരു കൂട്ടിക്ക് നാനൂറു രൂപാ വീതമാണ് സർക്കാർ നല്കുന്നത്. പണമായോ തത്തുല്യമായ തുകയ്ക്ക് തുണിയായോ വിതരണം ചെയ്യാനാണ് നിർദേശം. അധ്യയനം തുടങ്ങി എല്ലാ വിദ്യാർഥികളും സമീപത്തെ തുണിക്കടകളിൽ നിന്നും യൂണീഫോം വാങ്ങുകയും ചെയ്തിട്ടും സ്കൂൾ അധികൃതർ അനങ്ങാപാറ നയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
പുനലൂർ വിദ്യാഭ്യാസ ജില്ലയിലാണ് ആക്ഷേപങ്ങൾ ഉണ്ടായിട്ടുള്ളത്. സ്കൂൾ മാനേജ്മെന്റും പിടിഎയും ഹെഡ്മാസ്റ്റർമാരും ചേർന്നു നടത്തുന്ന ഈ തിരിമറി അവസാനിപ്പിക്കണം. എല്ലാ കുട്ടികളും യൂണിഫോം വാങ്ങിയ സാഹചര്യത്തിൽ സർക്കാർ അനുവദിച്ച തുക പണമായി നൽകണം.
വൻകിട തുണിമിൽ കച്ചവടക്കാരുടെ ദല്ലാളന്മാർ മുഖേന വൻതുക കമ്മീഷനായി വാഗ്ദാനം ചെയ്ത് പണമീടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും തുണിയും തുകയും നൽകാതെ സർക്കാർ ശ്രമത്തെ അട്ടിമറിക്കാനുമാണെന്നും കെഎസ് യു ഭാരവാഹി അറിയിച്ചു.
പത്തനാപുരം താലൂക് സമാജത്തിലെ മൂന്നു സ്കൂളുകളിലും മുപ്പതിനായിരം മുതൽ 50000 രൂപ വരെ ഈ ഇനത്തിൽ ഉത്തരവാദപ്പെട്ടവർ കമ്മീഷൻ വാങ്ങിയിട്ടുണ്ട്. എത്രയും വേഗം കുട്ടികൾക്ക് തുക നേരിട്ടു നല്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.