തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനം കെഎസ്യുവിന്.എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ്യു സ്ഥാനാർഥിയായ ഡെൽന തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമുണ്ടായത്.
എസ്എഫ്ഐ സ്ഥാനാർഥിയായിരുന്ന വിദ്യാർഥി കോളജിൽ നിന്നു ടിസി വാങ്ങിപ്പോയ സാഹചര്യത്തിലാണ് പത്രിക അസാധുവായി പ്രഖ്യാപിച്ചത്.
40 വർഷത്തിനു ശേഷമാണ് ഒരു കെഎസ്യു പ്രതിനിധി യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ ഭാരവാഹിത്വത്തിലേക്ക് എത്തുന്നതെന്ന അപൂർവതയും ഇക്കാര്യത്തിലുണ്ട്.
അതേസമയം ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.എന്നാൽ നാമനിർദേശ പത്രികകളുടെ പരിശോധന അടക്കം നടക്കുന്ന സമയം മുതൽ എസ്എഫ്ഐ സ്ഥാനാർഥി കോളജിലെ വിദ്യാർഥിയായിരുന്നില്ലെന്നാണ് കെഎസ്യു ഭാരവാഹികൾ പറയുന്നത്.
യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം.
എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക അസാധുവായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്നലെ കോളജിൽ വിദ്യാർഥി സംഘർഷമുണ്ടായത്.
എസ്എഫ്ഐയുടെ ആർട്സ് ക്ലബ് സ്ഥാനാർഥിയായിരുന്ന വിദ്യാർഥി കോളജിൽ നിന്ന് ടിസി വാങ്ങിപ്പോയതിനു പിന്നാലെ കെഎസ് യു സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെന്ന സാഹചര്യം കോളജിലുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് കോളജിൽ ഇന്നലെ എസ്എഫ്ഐ-കെഎസ്യു സംഘർഷമുണ്ടായത്. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകൻ പ്രണവിനും കെഎസ്യു പ്രവർത്തക നസിയയ്ക്കും പരിക്കേറ്റതായി കോളജിലെ സംഘടനാ പ്രതിനിധികൾ അറിയിച്ചു.
സംഘർഷത്തെ തുടർന്ന് യൂണിവേഴ്സിറ്റി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വെള്ളിയാഴ്ച വരെ കോളജിന് അവധി പ്രഖ്യാപിച്ചു.
കെഎസ്യു സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നതു തടയാൻ എസ്എഫ്ഐയും ഇടത് അനുകൂല അധ്യാപക സംഘടനയും ചേർന്നുണ്ടാക്കിയ നാടകമാണ് കോളജിൽ ഇന്നലെയുണ്ടായ സംഘർഷമെന്ന് കെഎസ്യു ആരോപിച്ചു.
എസ്എഫ്ഐ പ്രവർത്തകർ സ്വന്തം പ്രവർത്തകനെ മർദിച്ച് പരിക്കേൽപ്പിച്ച ശേഷം കെഎസ്യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നാണ് ആരോപണം.
സംഘർഷം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള എസ്എഫ്ഐയുടെ തന്ത്രമാണിതെന്നാണ് കെഎസ്യു നേതാക്കൾ പറയുന്നത്. സംഘർഷം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിവച്ചതിനെതിരേ കെഎസ്യു യൂണിവേഴ്സിറ്റി രജിസ്റ്റാർക്ക് പരാതിയും നൽകി.