കേരളാ ക്യാംപസുകളില്‍ തരംഗംതീര്‍ത്ത സിനിമയായിരുന്നു ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്സിക്കന്‍ അപാരത’. വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന് ആഭിമുഖ്യമുള്ള കാംപസില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന വെന്നിക്കൊടി പാറിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമക്ക് വന്‍ സ്വീകരണം ലഭിക്കുമ്പോള്‍ തന്നെ കെഎസ്യുകാരനായ നായകന്റെ കഥ എസ്എഫ്ഐയുടേതാക്കി മാറ്റി ചിത്രീകരിച്ചിരിക്കുകയാണ് മെക്സിക്കന്‍ അപാരതയിലെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. ചിത്രത്തിലെ അഭിനേതാവ് കൂടിയായ ജിനോ ജോണിന്റെ കഥയാണ് മെക്സിക്കന്‍ അപാരതയില്‍ ‘ചുവപ്പിച്ച്’ അവതരിപ്പിച്ചതെന്നായിരുന്നു അന്ന് ഉയര്‍ന്ന പ്രധാന ആരോപണം. എറണാകുളം മഹാരാജാസ് കോളേജിലെ 34 വര്‍ഷത്തെ എസ്എഫ്ഐ കുത്തകയ്ക്ക് തടയിട്ട് കെഎസ്യു കൊടി പാറിച്ച ചെയര്മാന് ആയിരുന്നു ജിനോ ജോണ്‍.
‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിനോ മെക്സിക്കന്‍ അപാരതയിലും ഒരു കഥാപാത്രമായി എത്തിയിരുന്നെങ്കിലും യഥാര്‍ഥ കഥ മാറ്റി ചിത്രീകരിച്ചതിനാല്‍ യഥാര്‍ഥ സംഭവത്തോടു നീതിപുലര്‍ത്താനായില്ല. ഇപ്പോള്‍ തന്റെ ‘യഥാര്‍ത്ഥ’ കഥ സിനിമയാക്കുകയാണ് ജിനോ ജോണ്‍. ‘ബ്ലൂ ഇസ് ദി വാമസ്റ്റ് കളര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ജിനോ തന്നെയാണ് നായക വേഷം അവതരിപ്പിക്കുന്നത്. സംവിധാനവും ജിനോ തന്നെ.
മെക്സിക്കന്‍ അപാരതയില്‍ മാറ്റി അവതരിപ്പിച്ച തന്റെ കഥ ശരിയായ രീതിയില്‍ ചിത്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ജിനോ പറയുന്നു. കഥ സമാനമാണെങ്കിലും അവതരണത്തില്‍ തികച്ചും വ്യത്യസ്തമായായിരിക്കും ‘ബ്ലൂ ഇസ് ദി വാമസ്റ്റ് കളര്‍’ അവതരിപ്പിക്കുകയെന്ന് ജിനോ പറയുന്നു. അതോടൊപ്പം ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവായിരിക്കും സിനിമയുടെ നിര്‍മാതാവ് എന്ന വസ്തുതയും ജിനോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.ചില കോണ്‍ഗ്രസ് യുവ എംഎല്‍എമാരും ചിത്രത്തില്‍ അഭിനേതാക്കളായി എത്തുന്നുണ്ട്.
ഈ ചിത്രത്തിനു മുന്നോടിയായി മറ്റൊരു സിനിമയും ജിനോ സംവിധാനം ചെയ്യുന്നുണ്ട്. വായില്ലാക്കുന്നിലപ്പന്‍ എന്നാണ് ആ ചിത്രത്തിനിട്ടിരിക്കുന്ന പേര്. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ബ്ലൂ ഈസ് ദി വാമസ്റ്റ് കളര്‍ തുടങ്ങുക. ഒരു മെക്സിക്കന്‍ അപാരതയുടെ സംവിധായകനായ ടോം ഇമ്മട്ടി വായില്ലാകുന്നിലപ്പനില് പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ജിനോ അറിയിച്ചു. നിലവില്‍ മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ സംവിധാനം ചെയ്യുന്ന ‘ക്യൂബന്‍ കോളനി’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ജിനോ ജോണ്‍.