കൊച്ചി: കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്യു ജില്ലാ സെക്രട്ടറി മീവ ജോളിയെ പുരുഷ പോലീസുകാര്‍ പിടിച്ചുമാറ്റിയ സംഭവത്തില്‍ നാലു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.വി. ബേബിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നല്കി.
പോലീസിന്റേത് മോശം പെരുമാറ്റം: മീവ ജോളി
കൊച്ചി: മുഖ്യമന്ത്രിക്കെതിരേ കളമശേരിയില്‍ കഴിഞ്ഞദിവസം നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ പുരുഷ പോലീസില്‍ നിന്നും തനിക്ക് നേരേയുണ്ടായത് മോശം പെരുമാറ്റമെന്ന് കെഎസ്യു ജില്ലാ സെക്രട്ടറി മീവ ജോളി.
കരിങ്കൊടി പ്രതിഷേധവുമായി തങ്ങളെത്തുമ്പോള്‍ വനിത പോലീസുദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നില്ല. പുരുഷ പോലീസുകാരാണ് പ്രതിഷേധിച്ച തങ്ങളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചത്.
മോശമായ രീതിയിലാണ് പോലീസ് തന്നോട് പെരുമാറിയത്. കോളറില്‍ പിടിച്ച് കൊണ്ടുപോയി. അറസ്റ്റ് ചെയ്ത് നീക്കുന്ന സമയത്ത് സിഐ മോശം രീതിയില്‍ പെരുമാറി.
ഈസമയം വനിത പോലീസുകാര്‍ എത്തിയിരുന്നെങ്കിലും സിഐ അനാവശ്യമായി ഇടപ്പെട്ടു. മോശം രീതിയിലുള്ള സംസാരം ഉണ്ടായതായും മീവ ആരോപിച്ചു.
സമരങ്ങളെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ നടക്കില്ല. താന്‍ വനിതയാണെന്ന് മനസിലാക്കിക്കൊണ്ടു തന്നെയാണ് അവരുടെ ഭാഗത്തുനിന്ന് ഇത്തരം സമീപനം ഉണ്ടായത്. ഡിസിസി നല്കിയ പരാതിയുമായി മുന്നോട്ട് പോകും.