തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തകർ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് താക്കീതുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഡിജിപി ഓഫിസേക്ക് മാർച്ച് നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.
മുഖ്യമന്ത്രി സൈക്കോപാത്ത് ആണ്. ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കരുത്. മുഖ്യമന്ത്രി ക്രൂരതയുടെ പര്യായമാണെന്ന് സുധാകരന് കുറ്റപ്പെടുത്തി.
‘പിണറായി വിജയന് ഒരു കൊലയാളിയാണെന്നും കൊലയാളിയുടെ മനസാണ് അയാള്‍ക്കുള്ളതെന്നും എത്രയോ കാലമായി ഞാന്‍ പറയുന്നു. എനിക്ക് ചില ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഗ്രാനേഡും മറ്റ് വാതകങ്ങളും ഉപയോഗിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു.’ സുധാകരന് പറഞ്ഞു.
പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും ജല പീരങ്കിയും പോലീസ് പ്രയോഗിച്ചത്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് പ്രസംഗം പകുതിയിൽ നിർത്തേണ്ടി വന്നു. പോലീസിന്റെ കണ്ണീർ വാതകത്തിൽ കെ. സുധാകരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.