കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ച വയനാട്ടിൽ പ്രചാരണത്തിനു ബിജെപിയുടെ ദേശീയ നേതാക്കൾ ചുരം കയറി എത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രചാരണത്തിന് കൊഴുപ്പുകൂട്ടാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നിരവധി ദേശീയ നേതാക്കളാണ് എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ ഇടങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തില്‍ തീരുമാനമായി വരുന്നതേയുള്ളു.
കെ. സുരേന്ദ്രനെ വയനാട്ടില്‍ സ്ഥാനാര്‍ഥി ആക്കിയതിലൂടെ രാഹുല്‍ ഗാന്ധിയുടെ അനായാസ വിജയത്തിനു തടയിടുകയാണു ബിജെപി ലക്ഷ്യംവയ്ക്കുന്നത്. നിലവിൽ ഏഴുശതമാനമുള്ള വോട്ട് വിഹിതം ഇരട്ടിയാക്കിയാല്‍ അത് സുരേന്ദ്രവിജയമായി നേതൃത്വം കാണും.
ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കണ്ണില്‍ തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും മത്സര ശ്രദ്ധ ആകര്‍ഷിക്കുന്ന മണ്ഡലമായി വയനാട് ഇതിനകം മാറിക്കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോള്‍ സമീപ മണ്ഡലമായ വടകരയിലും കോഴിക്കോട്ടും അതിന്റെ നേട്ടമുണ്ടാകുമെന്ന് ബിജെപി കരുതുന്നു.
കെ. സുരേന്ദ്രന്റെ അടുത്ത അനുയായിയായ പ്രഫുല്‍ കൃഷ്ണയാണ് വടകരയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. കോഴിക്കോട്ട് ബിജെപിയുടെ സൗമ്യമുഖമായ എം.ടി. രമേശും. മലബാറില്‍ കോഴിക്കോട്ടും വടകരയിലും വയനാട്ടിലും പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളായതിനാല്‍ പ്രചാരണത്തിന് ആവേശമേറും.