ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. വ്യക്തിപരമായ തീരുമാനം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും സുരേന്ദ്രന് പറഞ്ഞു.
കേരളത്തിൽ മറ്റ് രണ്ട് മുന്നണികളും തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എൻഡിഎയുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള തീരുമാനം വരും. അതിനെകുറിച്ചുള്ള ചർച്ചകൾ പരിസമാപ്തിയിൽ എത്തിയിരിക്കുകയാണ്. ഓരോ ലോക്സഭാ മണ്ഡലത്തിലും മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കുന്നുണ്ട്. ഘടകക്ഷികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശീയ കൗൺസിൽ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡൽഹിയിലേക്ക് കൈമാറും. എല്ലാ മണ്ഡലത്തിലേക്കും മികച്ച സ്ഥാനാർഥികളെയാണ് പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച്, അവർ മോദിയുടെ നേതൃത്വത്തിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം.