കോഴിക്കോട്: സിപിഎം നരാധമ സംഘടനയാണെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. എ.കെ.ബാലൻ പറഞ്ഞാൽ കണ്ണൂർ സിപിഎം ഓഫിസിലെ അടിച്ചുതളിക്കാരൻ പോലും കേൾക്കില്ലെന്നും ബിജെപിക്കാരെ കൊന്നുതള്ളിയപ്പോൾ കോണ്‍ഗ്രസുകാർ ഗാലറിയിലിരുന്നു കളികാണുന്ന മൂഡിലായിരുന്നെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ വിമർശനം.
എ.കെ.ബാലൻ പറഞ്ഞാൽ കണ്ണൂർ സിപിഎം ഓഫിസിലെ ഒരു അടിച്ചുതളിക്കാരൻ പോലും കേൾക്കില്ല. ഇന്നുനടന്നതു മുഴുവൻ നാടകം. ഇനി നടക്കാനിരിക്കുന്നതും നാടകം. ഒരുപാടു ബിജെപിക്കാരെ കൊന്നുതള്ളിയപ്പോൾ കോണ്‍ഗ്രസുകാർ ഗാലറിയിലിരുന്നു കളികാണുന്ന മൂഡിലായിരുന്നു. സിപിഎം ഒരു നരാധമ സംഘടനയാണ്. അതിനെ ചെറുത്തുതോൽപ്പിക്കാൻ അസാമാന്യ മേധാശക്തിയുള്ള ആളുകൾക്കേ സാധിക്കുകയുള്ളൂ. അവിടെയാണു കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുന്നത്- സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ശുഹൈബിന്റെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും പ്രതികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സർക്കാർ ഏത് അന്വേഷണത്തിനും തയാറാണ്. നിലവിലെ അന്വേഷണത്തിൽ ആർക്കും അസംതൃപ്തിയില്ല. കണ്ണൂരിൽ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലൻ പറഞ്ഞു.
കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ കോണ്‍ഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായാരുന്നു. ഇതേ തുടർന്ന് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.