കോഴിക്കോട്: സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് നേരത്തേ തന്നെ ബിജെപി പറഞ്ഞിരുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ തനിക്കെതിരേ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
കൂടാതെ എൻ. കെ പ്രേമചന്ദ്രനെയും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തെ കുറിച്ച് അന്ന് ചാനലുകളിൽ വന്നിരുന്ന് വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ പ്രേമചന്ദ്രനായിരുന്നു. പിന്നീട് ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുതയെന്നും സുരേന്ദ്രൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സോളാർ സമരം ഇടതുവലതുമുന്നണികൾ തമ്മിൽ പരസ്പരം ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കിയതാണെന്ന് ആ നിമിഷത്തിൽ തന്നെ ബിജെപി പറഞ്ഞിരുന്നു.
ഈ കാര്യം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ പറഞ്ഞപ്പോൾ ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ പാർട്ടി സെക്രട്ടറിയുമായിരുന്ന പിണറായി വിജയൻ എനിക്കെതിരേ ഏറ്റവും മോശമായ വാക്കുകൾ ഉപയോഗിച്ചാണ് പ്രതികരിച്ചത്.
നാക്കു വാടകയ്ക്കെടുത്ത് എന്തും പറയുന്നയാളാണെന്നായിരുന്നു എന്നെക്കുറിച്ച് അദ്ദേഹം അന്ന് പറഞ്ഞത്. സത്യം എക്കാലത്തേക്കും മൂടിവെക്കാനാവില്ലെന്നത് പ്രകൃതി നിയമം.
ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് ശ്രീ.എൻ. കെ പ്രേമചന്ദ്രന്റെ ഇടപെടലാണ്. അന്ന് ചാനലുകളിൽ വന്നിരുന്ന് ഈ വിഷയത്തിൽ വീറോടെ വാദിച്ചിരുന്ന ആളുകളിലൊരാൾ അദ്ദേഹമായിരുന്നു.
വൈകാതെ ഇടതുമുന്നണിവിട്ട് സോളാർ അഴിമതിക്കാരുടെ കൂടാരത്തിൽ അദ്ദേഹം എത്തിപ്പെട്ടു എന്നതും വസ്തുത. ഇടതും വലതും വൈകാതെ ഒറ്റമുന്നണിയായി മാറുന്നത് കാണാൻ ഇനി അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നതും സത്യം.