തൃശൂർ : ഇന്ന് ജില്ലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പതിനായിരത്തോളം മഹിളകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹിളാ സമ്മേളനം കേരളത്തിൽ മാറി വരുന്ന സ്ത്രീ മനസിന്റെ പ്രഘോഷണമാണെന്നും നാരീ ശക്തിയുടെ ഉജ്ജലമായിട്ടുള്ള പ്രകടനമാണ് ഇതെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. സമ്മേളന നഗരിയിൽ പുരുഷന്മാർക്ക് പങ്കാളിത്തമില്ല. സമ്മേളനം സ്ത്രീകൾ തന്നെ നടത്തുന്നതും സ്ത്രീകളാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വമേധയാ തന്നെ ആയിരക്കണക്കിന് പൊതുപ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് തൃശൂരിലെ പൗരാവലിയിൽ നിന്നും മനസ്സിലായിട്ടുളളത്. നരേന്ദ്ര മോദിയുടെ സ്വീകാര്യതയും അദ്ദേഹത്തിന്റെ നേതൃത്വവും കേരളം അംഗീകരിക്കുന്നു അതിനോടൊപ്പം കേരളം അണി ചേരുന്നു എന്ന സന്ദേശമാണ് ഈ സമ്മേളനം നൽകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടിന് കുട്ടനല്ലൂർ ഹെലിപാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി കാർ മാർഗ്ഗം തൃശൂർ നഗരത്തിലെത്തും. നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോയ്ക്ക് ശേഷം വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.