കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2021ലെ മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിലാണ് ഒന്നാം പ്രതി കെ.സുരേന്ദ്രന് ഉള്‍പ്പെടെ ആറ് പ്രതികളെ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്.
കേസ് രാഷ്ട്രീയ ലക്ഷ്യം വച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും ബിജെപിയുടെ നേതാക്കളായ മറ്റു അഞ്ചു പ്രതികളും നല്കിയ വിടുതല്‍ ഹര്‍ജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിക്കുകയായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി.രമേശനായിരുന്നു പരാതിക്കാരന്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി നല്കിയ പരാതിയില്‍ എടുത്ത കേസ് രാഷ്ട്രീലക്ഷ്യംവച്ച് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് 2023 സെപ്റ്റംബറില്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കുകയും ചെയ്തുവെന്നാണ് കേസ്.