പാലക്കാട്: കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോൺഗ്രസിൽ ചേരുന്നവർ എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ല. ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ല. വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു.
ഇതിന് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു പാലക്കാട്ടെ കോൺഗ്രസ്. എന്നാൽ ഇന്ന് ഷാഫിയും സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടി. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങേണ്ടി വരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട് ഉണ്ടാക്കി. യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് തിരിച്ചടി ഏൽക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.