തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാനധ്യക്ഷൻ കെ. സുരേന്ദ്രൻ. സിഎഎയുടെ പേരിൽ നടന്ന ഗുരുതരമായ ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സർക്കാർ എന്തുകൊണ്ടാണ് സമാധാനപരമായി നാമജപപ്രതിഷേധം നടത്തിയ അയ്യപ്പഭക്തർക്കെതിരേ എടുത്ത കേസുകൾ പിൻവലിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന്റേത് ഇരട്ടനീതിയാണ്. അവരെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിനുള്ളത്. ശബരിമല തീർഥാടകർ രണ്ടാനമ്മയുടെ മക്കളാണോ, എന്തിനാണ് അവരോട് ഇരട്ടനീതിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
സിഎഎയുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ എല്ലാവർക്കും താത്പര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം തീരുമാനമെടുത്ത സർക്കാർ നയത്തോടും പ്രതിപക്ഷത്തിന് വിയോജിപ്പില്ല. ഒരു വിഭാഗത്തിന് മാത്രം പ്രത്യേക നീതി, മറ്റുള്ളവർക്ക് എല്ലാകാലത്തും അവഗണന എന്നുള്ള സമീപനമാണ് മതേതരത്വത്തിന്റെ കാര്യത്തിൽ കേരളത്തിൽ നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.