സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ്ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പോലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക്, തൃശൂർ സഹകരണ ബാങ്ക് തട്ടിപ്പുകളിലെ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്ന പോലീസാണ് സുരേഷ് ഗോപിയെ കുടുക്കാൻ നടക്കുന്നത്. ഇതൊന്നും തൃശൂരിൽ വിലപ്പോവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.