കോന്നി: എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ ദർശനത്തിനായി ശബരിമല സന്ദർശിക്കുന്നതിന് ഇടയിലുള്ള സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ മുറിച്ചെടുത്ത് മോർഫ് ചെയ്തു പ്രചരിപ്പിച്ചതായി പരാതി. ശബരിമലയിലും പരിസര പ്രദേശങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുള്ളത് പോലീസ്, വനം, ദേവസ്വം ബോർഡ് വകുപ്പുകളാണ്.
ഈ ദൃശ്യങ്ങൾ അതീവ രഹസ്യാത്മകത ഉള്ള സുരക്ഷാ കാര്യങ്ങൾക്കായുള്ളതാണ്. ഇത് ചോർത്തി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതു സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
പോലീസിൽ ഇത്തരം രഹസ്യ പ്രാധാന്യമുള്ള വിഷയങ്ങൾ ചോർന്നു പോകുന്നത് ഗൗരവതരമായ വിഷയമാണെന്നും ഇത് മോഷ്ടിച്ചു നല്കിയവരെയും എഡിറ്റു ചെയ്ത് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചരിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് എൻഡിഎ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.