ചാത്തന്നൂർ : ദീർഘദൂര സർവീസുകൾ നടത്തുന്ന കെ സ്വിഫ്റ്റിന്റെ ബസുകളിൽ ഇൻസ്പെക്ടർമാരെ നിയമിക്കുന്നു. വൻതോതിലുള്ള വരുമാന ചോർച്ച തടയുകയാണ് ലക്ഷ്യം. സ്വതന്ത്രസ്ഥാപനമായ കെ സ്വിഫ്റ്റിന്റെ ബസുകൾ പരിശോധിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് കെഎസ്ആർടിസി യുടെ ഇൻസ്പെക്ടർമാരെയാണ്.
20 ഇൻസ്പെക്ടർമാരെ നിയോഗിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. കെഎസ്ആർടിസിയുടെ ദീർഘദൂര റൂട്ടുകളിൽ കെ എസ് ആർടിസിയിൽ നിന്നും കിലോമീറ്റർ നിരക്കിൽ വാടക ഈടാക്കിയാണ് കെ സ്വിഫ്റ്റിന്റെ ബസുകൾ സർവീസ് നടത്തുന്നത്. കെ സ്വിഫ്റ്റിലേയ്ക്ക് നിയോഗിക്കപ്പെട്ട ഇൻസ്പെക്ടർമാർ ഉടൻ റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. കെഎസ്ആർടിസിയുടെ ജീവനക്കാരെ കെഎസ്ആർടിസി യുടെ ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ നിയോഗിക്കുന്നതിൽ ജീവനക്കാർക്ക് പ്രതിഷേധമുണ്ട്.
ദീർഘദൂരയാത്രക്കാരിൽനിന്നു യാത്രാക്കൂലി വാങ്ങിയ ശേഷം ടിക്കറ്റ് കൊടുക്കാതിരിക്കുക, സൗജന്യയാത്ര അനുവദിക്കുക, അനധികൃതമായി പണം വാങ്ങിയ ശേഷം ലഗേജ് കടത്തുക തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇത്തരത്തിൽ വൻതോതിൽ വരുമാന ചോർച്ച സംഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യാതൊരുവിധ തൊഴിൽ സംരക്ഷണമോ, തൊഴിൽ ആനുകൂല്യമോ ഇല്ലാത്ത ദിവസവേതനക്കാരാണ് കെ സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർമാരായി ജോലി ചെയ്യുന്നത്. 30000 രൂപ ഇവരിൽ നിന്നും സെക്യൂരിറ്റി തുകയായി ഈടാക്കിയിട്ടാണ് നിയമനം. ഇത്തരത്തിൽ ജോലിക്ക് കയറിയവർ ജോലി ഉപേക്ഷിച്ച് പോകുന്നതും സ്ഥിരം സംഭവമാണ്.
പ്രദീപ് ചാത്തന്നൂർ