ചാത്തന്നൂർ: കെ സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലൈലാൻഡ് ബി എസ് -6 ശ്രേണിയിൽപ്പെട്ട ബസുകളുടെ കൂളന്റ് സംവിധാനം പരിശോധിക്കാൻ കർശന നിർദേശം. പരിശോധനകൾക്കുശേഷം മാത്രമേ ബസ് സർവീസിന് അയയ്ക്കാവു.കെഎസ്ആർ ടി സി യുടെ ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്നത് കെസ്വിഫ്റ്റിന്റെ ബസുകളാണ്.
കഴിഞ്ഞ 28 – ന് ഊട്ടിയിലേയ്ക്ക് സർവീസ് നടത്തിയ ലൈലാൻഡ്് ബസ് വഴിയിൽ ബ്രേക്ക്ഡൗണായിരുന്നു. പരിശോധനയിൽ കൂളൻന്റ് സംവിധാനത്തിന്റെ തകരാറാണെന്ന് കണ്ടെത്തി. കെ സ്വിഫ്റ്റിന്റെ ബസുകൾ എല്ലാം പുതിയതാണ്. ഒരു വർഷത്തിൽ താഴെ പഴക്കമുള്ളതാണ് കൂടുതലും. അത്തരം സാഹചര്യത്തിൽ കൂളന്റിന് തകരാറ് സംഭവിച്ചത് അധികൃതർ ഗൗരവമായി കാണുന്നു.
ലൈലാൻഡ് ബിഎസ്-6 ശ്രേണിയിൽപ്പെട്ട കെ സ്വിഫ്റ്റിന്റെ എല്ലാ ബസുകളുടെയും കൂളന്റ് സംവിധാനം വിശദമായി പരിശോധിക്കാനും ബ്രേക്ക്ഡൗൺ സംഭവിക്കാൻ കാരണമാകുന്ന തകരാറുകൾ ഇല്ലെന്ന് ഉറപ്പുവരുത്താനുമാണ് നിർദ്ദേശം.
ഈ ഉത്തരവാദിത്വം കെഎസ് ആർടിസിയുടെ വർക്ക് ഷോപ്പുകൾക്കാണ് നല്കിയിരിക്കുന്നത്. കെഎസ്ആർടിസിയ്ക്ക് വേണ്ടി കിലോമീറ്റർ വാടകയ്ക്ക് സർവീസ് നടത്തുന്നവയാണ് കെ സ്വിഫ്റ്റിന്റെ ബസുകൾ എന്നത് കൊണ്ടാണ് അറ്റകുറ്റപ്പണികളും കെഎസ്ആർടിസിയുടെ ബാധ്യതയായിരിക്കുന്നത്.
പ്രദീപ് ചാത്തന്നൂർ