കുന്നിക്കോട് : പഞ്ചായത്ത് ഓഫീസുകളുടെ പുറംമോടി വര്‍ധിക്കുന്നത് പോലെ ഉള്ളിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനത്തിന്റെ മോടി കൂട്ടണമെന്ന് മന്ത്രി കെ.ടി.ജലീല്‍ അഭിപ്രായപ്പെട്ടു. വിളക്കുടി ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടാകണം. പഞ്ചായത്ത് നന്നായാല്‍ നാട് നന്നാവും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ തദ്ദേശസ്വയംഭരണസ്ഥാനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.പൊതുജനങ്ങള്‍ക്ക് പഞ്ചായത്ത് വഴി ലഭിക്കുന്ന എല്ലാ അനുകൂല്യങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകും.ഇതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അഴിമതി പൂര്‍ണമായും ഇല്ലാതാകും.
ഈ വര്‍ഷം രണ്ടര ലക്ഷം പുതിയ വീടുകള്‍ അനുവദിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് ആവശ്യമായ വായ്പ സര്‍ക്കാര്‍ നേരിട്ട് എടുത്ത് നല്‍കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപി.നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ മുന്‍ എംഎല്‍എ കെ.പ്രകാശ് ബാബു അനുമോദിച്ചു.
> കെ.ബി.ഗണേഷ്കുമാര് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വേണുഗോപാല്‍, ജില്ല പഞ്ചായത്ത് അംഗം ആശാ ശശിധരന്, പഞ്ചായത്ത് പ്രസിഡന്റ് സി.വിജയന്, മുഹ മ്മദ് അസ്ലം, ജി.ആര്.രാജീവന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനി സുരേഷ്, പത്മഗീരിഷ്, പഞ്ചായത്ത് സെക്രട്ടറി ടി.എന്‍.ഭദ്രന്, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.