തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി ബന്ധു കെ.ടി. അദീബിനെ അധികാരദുർവിനിയോഗം നടത്തി നിയമിച്ച കെ.ടി. ജലീൽ മന്ത്രിസ്ഥാനത്തു തുടരാൻ പാടില്ലെന്നു ലോകായുക്ത ഉത്തരവ്. യുക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്കും.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുണ് അൽ റഷീദ് എന്നിവർ അടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്. ന്യൂനപക്ഷ വികസന കോർപറേഷനിൽ അടുത്ത ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ചട്ടവിരുദ്ധമായി നിയമിച്ചുവെന്നായിരുന്നു പരാതി.
ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നായിരുന്നു പരാതിക്കാരനായ യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ ആവശ്യം.പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കി. അടുത്ത ബന്ധുവിനെ നിയമിക്കാൻ അടി സ്ഥാനയോഗ്യതയിൽ മാറ്റം വരുത്തി.
കോർപറേഷൻ ആവശ്യപ്പെടാതെയായിരുന്നു ഇത്. ഇ ങ്ങനെ മന്ത്രിപദവി സ്വകാര്യ താത്പര്യത്തിനായി ദുർവിനിയോഗം ചെയ്തു. സ്വജനപക്ഷപാതം, അധികാര ദുർവിനിയോഗം, സത്യപ്രതിജ്ഞാലംഘനം എന്നിവ ജലീൽ നടത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.
നിയമനം വിവാദമായതോടെ കോർപറേഷനിലെ ജനറൽ മാനേജർ ജോലി അദീബ് രാജിവച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ മാനേജരായിരുന്ന അദീബിനെ ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ, മന്ത്രി കെ.ടി. ജലീൽ, എ.പി. അബ്ദുൾ വഹാബ്, എ.അക്ബർ, കെ.ടി. അദീബ് എന്നിവരാണ് എതിർകക്ഷികൾ.വിജ്ഞാപന പ്രകാരമുള്ള വിദ്യാഭ്യാസവും യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള അദീബായിരുന്നു അപേക്ഷകരിൽ യോഗ്യനായ ഏക വ്യക്തി എന്നായിരുന്നു ലോകായുക്തയിൽ മന്ത്രി നൽകിയിരുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണം ലോകായുക്ത അംഗീകരിച്ചില്ല.