തിരുവനന്തപുരം: ബന്ധുനിയമനത്തിൽ മന്ത്രി കെ ടി ജലീൽ കുറ്റക്കാരനെന്ന ലോകായുക്ത വിധിയെത്തുടർന്ന് ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കാനിരിക്കെ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മന്ത്രി കെ.ടി ജലീൽ ഒരുങ്ങുന്നു.
ഇതുസംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഹൈക്കോടതി വെക്കേഷൻ ബെഞ്ചിലേക്ക് അടിയന്തിര പ്രാധാന്യത്തോടെ ഹർജി എത്തിക്കാനാണ് മന്ത്രി കെ.ടി. ജലീൽ ശ്രമിക്കുന്നത്. ബന്ധുനിയമനത്തിൽ ജലീൽ നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചിരുന്നു.
ബന്ധുവിനെ ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ ആക്കിയത് ചട്ടം ലംഘിച്ചാണെന്നും വിധിയിൽ പറയുന്നു. കൂടാതെ ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്താ കോടതി വിധിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേ സമയം ജലീലിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസഭയിൽ നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് സമരപരിപാടികളുമായി മുന്നോട്ട്. ആദ്യപടിയായി ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും.
ജലീൽ സ്വയം രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാനുള്ള ആർജവം കാട്ടണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെയും കോണ്ഗ്രസ് നേതാക്കളുടെ ആവശ്യം. ലോകായുക്തയുടെ ഉത്തരവ് അംഗീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിയും തയാറാകണമെന്നും കോണ്ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
ജലീലിനെ പുറത്താക്കാൻ സർക്കാർ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം ഉയർന്നപ്പോൾ ജലീലിനെ പിന്തുണച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയാൻ തയാറാകണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.
എന്നാൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ് ഇപ്പോഴും സിപിഎം. വിധി വന്നയുടനെ കെ.ടി. ജലീൽ രാജി വയ്ക്കേണ്ടതില്ലെന്ന് മന്ത്രി എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. നിയമനനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജലീൽ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി എ.കെ ബാലൻ അഭിപ്രായപ്പെട്ടു.
ഡപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ലെന്ന് അഭിപ്രായപ്പെട്ട എ.കെ ബാലൻ ജലീൽ വിഷയത്തിൽ സർക്കാർ എന്തു ചെയ്യണമെന്നുള്ളത് പിന്നീടാലോചിക്കുമെന്നും വ്യക്തമാക്കി.